ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ ഇന്ത്യയിലെ ബ്ലാക്ക്‌ബെറി വിലകുറഞ്ഞ മോഡല്‍ പുറത്തിറക്കി. ‘മോസ്റ്റ് അഫോര്‍ഡബിള്‍’ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ബ്ലാക്ക്‌ബെറി കര്‍വ് 9220 എന്ന മോഡല്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഈ മോഡലിന് 10,990 രൂപയാണ് വിലയിട്ടിരിക്കുന്നത്.
ഈ മോഡല്‍ കരസ്ഥമാക്കുന്നവര്‍ക്ക് 2500 രൂപയുടെ മൂല്യത്തിനുള്ള ആപ്ലിക്കേഷനുകള്‍ ബ്ലാക്ക്‌ബെറി സ്റ്റോറില്‍ നിന്ന് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം. രണ്ടാം തലമുറ നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍വ് 9220 മോഡലില്‍ ബ്ലാക്ക്‌ബെറി മെസ്സെഞ്ചര്‍, എഫ്‌എം റേഡിയോ, 2 മെഗാ പിക്സല്‍ ക്യാമറ എന്നിവയും ഉണ്ടാകും.
ആപ്പിള്‍ ഇന്‍കിന്റെ ഐഫോണില്‍ നിന്നും ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന മൊബൈല്‍ മോഡലുകളില്‍ നിന്നും കനത്ത തിരിച്ചടി നേരിടുന്ന ഇക്കഴിഞ്ഞ മാസത്തില്‍ വന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണി വലുതായിക്കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് ബ്ലാക്ക്‌ബെറി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ 900 മില്യണ്‍ മൊബൈല്‍ വരിക്കാര്‍ ഉണ്ടെന്നാണ് കണക്ക്. മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമാണുള്ളത്. ആദ്യ സ്ഥാനം ചൈനയ്ക്കാണ്. മൊബൈല്‍ വരിക്കാര്‍ ഇന്ത്യയില്‍ കൂടുതലാണെങ്കിലും എല്ലാവരുടെ പക്കലും അടിസ്ഥാന മോഡലുകള്‍ ആണുള്ളത്. വെറും 6 ശതമാനം ആളുകളുടെ പക്കല്‍ മാത്രമാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്ളത്. ഈ വിപണി പിടിക്കാനായി സാംസങ് അടക്കമുള്ള കമ്പനികള്‍ അടരാടുന്ന പടക്കളത്തിലാണ് ബ്ലാക്ക്‌ബെറി ഇപ്പോള്‍ ഉന്നം വച്ചിരിക്കുന്നത്.