സ്‌മാര്‍ട്ട്‌ സിറ്റി വൈകും

Webdunia
ശനി, 30 ഓഗസ്റ്റ് 2008 (15:58 IST)
PROPRO
നിര്‍ദ്ദിഷ്ട സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഒക്ടോബറില്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന്‌ അഭ്യൂഹം.

പദ്ധതിക്ക്‌ വേണ്ടി അനുവദിച്ച 236 ഏക്കര്‍ സ്ഥലം പൂര്‍ണ്ണമായി പ്രത്യേക സാമ്പത്തിക മേഖലയാക്കി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താത്‌പര്യം കാണിക്കാത്തതാണ്‌ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമാകും എന്നാണ് ആക്ഷേപം.

പ്രത്യേക സാമ്പത്തിക മേഖല സംസ്ഥാനത്ത്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച സര്‍ക്കാരിനുള്ളില്‍ തന്നെ വ്യത്യസ്ഥമായ നിലപാടുകള്‍ ഉയരുന്ന സാഹചര്യത്തില്‍ 236 ഏക്കറിന്‍റെ കാര്യത്തില്‍ തീരുമാനമാകാതെ മുന്നോട്ട്‌ പോകാന്‍ കഴിയില്ല.

പദ്ധതിയുടെ രൂപരേഖക്ക്‌ അന്തിമ രൂപം നല്‌കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. 236 ഏക്കറിന്‌ പൂര്‍ണ്ണമായി സെസ്‌ പരിഗണന ലഭിച്ചാല്‍ മാത്രമേ രൂപരേഖ പൂര്‍ണ്ണമാക്കാന്‍ കഴിയു എന്നാണ്‌ ടികോമിന്‍റെ നിലപാട്‌ എന്നറിയുന്നു.

സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്ത്‌ നല്‌കിയ 136 ഏക്കറിന്‌ പ്രത്യേക സാമ്പത്തിക മേഖല പദവി നല്‌കുന്ന കാര്യത്തില്‍ കേന്ദ്ര ഏജന്‍സി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ബാക്കിയുള്ള നൂറ്‌ ഏക്കറില്‍ ഇപ്പോള്‍ താമസിക്കുന്നവരെ മാറ്റിതാമിസിപ്പിക്കുന്ന കാര്യത്തില്‍ തീരമാനം ഇതുവരെ ഉണ്ടായിട്ടില്ല.