ഉപയോഗം കഴിഞ്ഞാല്‍ വളച്ചു മടക്കി പോക്കറ്റിലിടാന്‍ പറ്റുന്ന ഒരു ഫോണ്‍. സംഗതി കൊള്ളാം അല്ലെ. വൈകാതെ തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന ഒരു ഫോണിനെക്കുറിച്ചാണ് പറയുന്നത്. ഇതിനായുള്ള ശ്രമത്തിലാണ് കാനഡയിലെ ക്വീന്‍ യൂണിവേഴ്‌സിറ്റിയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. പദ്ധതി വിജയിച്ചാല്‍ ലോകത്തെ ആദ്യത്തെ വളയുന്ന വയര്‍ലെസ് ഫോണ്‍ ആയിരിക്കുമിത്. വളയുന്നതിലുപരിയായി ഫോണിനുള്ളിലെ ആപ്ളിക്കേഷനും വളയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എല്ലാ നിറങ്ങളും സപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന റെസല്യൂഷനുമുള്ള ഫോണിന് ‘റിഫ്‌ളക്‌സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
പുസ്തകങ്ങളുടെ പേജുകള്‍ കൈകൊണ്ട് മാറ്റുന്നതുപോലെ ഫോണിലൂടെയും മാറ്റാന്‍ സാധിക്കും. ഫോണ്‍ വലതുവശത്തേക്ക് തിരിച്ചാല്‍ പേജുകള്‍ വലതുവശത്തേക്ക് മറിയും തിരിച്ചാണെങ്കില്‍ ഇടതുവശത്തേക്ക് മാറും. അതുപോലെത്തന്നെ ഗെയിം കളിക്കാനും ഫോണ്‍ സ്‌ക്രീന്‍ വളരെ പ്രയോജനകരമാകും. ആണ്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ 720പിക്‌സെല്‍ എല്‍ജി ഫ്ളക്സിബിള്‍ ഒഎല്‍ഇഡി ടച്ച് സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫോണും യൂസറും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാനായി പൂര്‍ണമായും പുതിയ രീതിയില്‍ നിര്‍മ്മിച്ചതാണ് റിഫ്ളക്സെന്ന് കാനഡയിലെ ക്വീന്‍ യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ മീഡിയ ലാബ് ഡയറക്ടര്‍ റോയല്‍ വെര്‍ട്ടഗല്‍ പറഞ്ഞു.