ലോകകപ്പ് ആവേശം: ട്വീറ്റ്സ് റെക്കോര്‍ഡിലേക്ക്

Webdunia
ശനി, 26 ജൂണ്‍ 2010 (12:10 IST)
PRO
PRO
ലോകകപ്പ് ഫുട്ബോള്‍ ആവേശം ഓണ്‍ലൈന്‍ ലോകത്ത് അണപ്പൊട്ടുകയാണ്. ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ലോകകപ്പ് ട്വീറ്റ്സ് റെക്കോര്‍ഡിലെത്തി. ലോകകപ്പ് വിഷയം സംബന്ധിച്ച് സെക്കന്‍ഡില്‍ 3,283 ട്വീറ്റ്സാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.

ജപ്പാന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ കീഴടക്കിയ വ്യാ‍ഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ടത്. സാങ്കേതികതയില്‍ മുന്നിട്ടു നില്‍ക്കുന്ന ജപ്പാനിലെ നെറ്റ് ഉപയോക്തക്കളെല്ലാം ട്വിറ്ററില്‍ എത്തി ആശംസാ സന്ദേശങ്ങള്‍ കൈമാറി. ലോകകപ്പില്‍ രണ്ടാം റൌണ്ടില്‍ കടന്ന ജപ്പാന്‍ ആവേശം എവിടേയും കാണാമായിരുന്നു.

ഇതിനു മുമ്പ് സെക്കന്‍ഡില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട 3,085 എണ്ണമായിരുന്നു റെക്കോര്‍ഡ്. യു എസ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോസ് ഏഞ്ചല്‍‌സ് ലേക്കേര്‍സ് വിജയം നേടിയ ദിവസവും ട്വീറ്റുകളുടെ പ്രവാഹമായിരുന്നു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ഓരോ സെക്കന്‍ഡിലും ശരാശരി 750 ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുന്നു.

ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ വിസില്‍ മുഴങ്ങിയത് മുതല്‍ ഓണ്‍ലൈന്‍ ലോകം സജീവമാണ്. ഫേസ്ബുക്കും ട്വിറ്ററും സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ മണിക്കൂറുകളോളം പണിമുടക്കിയിരുന്നു. ട്വിറ്റര്‍ സന്ദര്‍ശിക്കുന്നവരുടെയും ട്വീറ്റ് ചെയ്യുന്നവരുടെയും എണ്ണം കുത്തനെ ഉയര്‍ന്നു.
PRO
PRO


കായിക മേഖലയില്‍ നിന്ന് ട്വിറ്ററിന് ആദ്യമായാണ് ഇത്രയും ഹിറ്റ്സ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ സന്ദര്‍ശിക്കാനെത്തിയവരെ നിരാശരാക്കി. സേവനം ലഭിക്കാന്‍ ഒരിക്കല്‍ കൂടി പരിശ്രമിക്കൂ എന്ന സന്ദേശമാണ് മിക്കവര്‍ക്കും ലഭിച്ചത്.

ലോകത്ത് എന്തു സംഭവിക്കുന്നു, എന്താണ് നിലവിലെ ട്രന്റ് എന്നറിയാന്‍ ഓണ്‍ലൈന്‍ ഉപയോക്താക്കളെല്ലാം ട്വിറ്റര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം സൈറ്റിന് താങ്ങാവുന്നതിലും അപ്പുറത്താണെന്നും ട്വിറ്റര്‍ എഞ്ചിനീയര്‍ ജീണ്‍ പോള്‍ കൊസാറ്റി ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.