ലതാ മങ്കേഷ്കര്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് വ്യാജവാര്‍ത്ത

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (12:13 IST)
PTI
PTI
തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രശസ്ത ചലചിത്ര പിന്നണി ഗായിക ലതാ മങ്കേഷ്കര്‍. ലതയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും അവരുടെ മരണം സംഭവിച്ചു എന്നുവരെയുള്ള വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററിലും മറ്റും പ്രചരിച്ചിരുന്നു.

എന്റെ ആരോഗ്യത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഞാന്‍ സുഖമായിരിക്കുന്നു- എന്നാണ് ഇന്ത്യയുടെ വാനമ്പാടി ട്വീറ്റ് ചെയ്തത്.

ലതയുടെ ആരോഗ്യനില മോശമായെന്നും അവരുടെ മരണം സംഭവിച്ചു എന്നുമുള്ള വ്യാജവാര്‍ത്തകള്‍ ചൊവ്വാഴ്ച വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് അവര്‍ വിശദീകരണവുമായി നേരിട്ട് രംഗത്തെത്തിയത്. ലത നാളുകളായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തത്ത് അവരുടെ മോശം ആരോഗ്യാവസ്ഥ മൂലമാണ് എന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു‍.

ലതയുടെ നേരിട്ടുള്ള വിശദീകരണം അവരുടെ ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ടെന്ന് ട്വിറ്ററിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ലതയുടെ മരണം സംഭവിച്ചതായുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.