യുവ്‌രാജ് സിംഗിന് ആംസ്ട്രോങ്ങിന്റെ സന്ദേശം!

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (16:09 IST)
PRO
PRO
രോഗത്തെ തോല്‍പ്പിച്ച് എത്രയും പെട്ടെന്ന് ക്രിക്കറ്റിലേക്ക് മടങ്ങിവരും എന്ന ദൃഢപ്രതിജ്ഞയിലാണ് യു എസില്‍ കീമോത്തെറാപ്പിക്ക് വിധേയനാകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ്‌രാജ് സിംഗ്. ക്യാന്‍സര്‍ മാറി കായികലോകത്ത് തിരിച്ചുവന്ന സൈക്ലിസ്റ്റ് ലാന്‍സ് ആംസ്ട്രോങ്ങിന്റെ ആത്മകഥ വായിച്ചതിലൂടെ യുവിക്ക് ലഭിച്ച ആത്മവിശ്വാസം കുറച്ചൊന്നുമല്ല. 1996-ലാണ് ആംസ്ട്രോങ്ങ് ക്യാന്‍സര്‍ ബാധിതനായത്. ചികിത്സയിലൂടെ അസുഖത്തെ ഭേദമാക്കി ആംസ്ട്രോങ് തിരിച്ചുവരവ് നടത്തി. നിരവധി കിരീടങ്ങള്‍ നേടുകയും ചെയ്തു.

ആംസ്ട്രോങ്ങ് ആത്മകഥയിലൂടെ മാത്രമല്ല യുവിക്ക് പ്രചോദം നല്‍കുന്നത്. അദ്ദേഹം യുവിക്ക് നേരിട്ട് സന്ദേശമയച്ചിരിക്കുകയാണ്. ക്യാന്‍സര്‍ രോഗികള്‍ക്ക് ഉറച്ച പിന്തുണയുമായി നിലകൊള്ളുന്ന ലിവ്സ്ട്രോംഗ് എന്ന സംഘടന യുവരാജിനൊപ്പമുണ്ടെന്നും ആംസ്ട്രോങ്ങിന്റെ കത്തിലുണ്ട്. യുവിക്കും കുടുംബത്തിനും എന്ത് സഹായം നല്‍കാനും ഒരുക്കമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

“ഗോ യുവി!! ലിവ് സ്ട്രോംഗ്“ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്തിന്റെ ചിത്രം യുവി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്റെ അതിരറ്റ സന്തോഷവും അദ്ദേഹം പ്രകടമാക്കുന്നു.