മൂത്രമൊഴിച്ച പടമെടുത്തു; ഗൂഗിള്‍ കുരുക്കില്‍!

Webdunia
വെള്ളി, 2 മാര്‍ച്ച് 2012 (17:05 IST)
PRO
വീടിന് മുന്നില്‍ മൂത്രമൊഴിക്കുന്ന തന്റെ പടമെടുത്ത് ‘സ്ട്രീറ്റ് വ്യൂ’വില്‍ കാണിച്ചതിന് ഗൂഗിളിനെതിരെ നഷ്ടപരിഹാരക്കേസ്. ഫ്രാന്‍സിലെ മൈനെ-എറ്റ്-ലോയിറെ മേഖലയിലുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന അമ്പതുകാരനാണ് ഗൂഗിളിനെതിരെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ആറരലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ഗ്രാമത്തില്‍ ഏകദേശം മൂവായിരത്തോളം ആളുകളാണ് ഉള്ളതെന്നും ഇവര്‍ക്കെല്ലാവര്‍ക്കും നെറ്റ് കണക്ഷന്‍ ഉണ്ടെന്നും താന്‍ മൂത്രമൊഴിക്കുന്ന ചിത്രം എല്ലാവരും കണ്ടുവെന്നും കക്ഷി പറയുന്നു. തന്റെ മുഖം ‘ബ്ലര്‍’ ചെയ്താണ് ഗൂഗിള്‍ ഉപയോഗിച്ചിരിക്കുന്നത് എങ്കിലും സകലരും തന്നെ തിരിച്ചറിഞ്ഞെന്നും നാണക്കേട് കൊണ്ട് തനിക്ക് പുറത്തിറങ്ങാന്‍ വയ്യെന്നും മധ്യവയസ്കന്‍ വെളിപ്പെടുത്തുന്നു.

“എല്ലാവര്‍ക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. ഈ കേസാകട്ടെ ആശ്ചര്യകരം എന്നതിലുപരി ഗൌരവതരമാണ്. സ്വകാര്യതയ്ക്ക് മേലുള്ള കുതിരകയറ്റം അനുവദിച്ച് കൊടുക്കാന്‍ പാടുള്ളതല്ല” - മധ്യവയസ്കന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നതെന്ന് അഭിഭാഷകന്‍ പറയുന്നു. മതിലിന്റെ മറവില്‍ നിന്നാണ് തന്റെ കക്ഷി മൂത്രമൊഴിച്ചതെത്രെ. എന്നാല്‍ മതിലിന് മുകളിലൂടെ ഗൂഗിളിന്റെ ലെന്‍‌സ് ഇതിന്റെ ചിത്രമെടുക്കുകയായിരുന്നു. വീട്ടില്‍ ഒന്നാന്തരം ടോയ്‌ലറ്റ് ഉള്ളപ്പോള്‍ കക്ഷി എന്തിനാണ് വീടിന് പുറത്ത് പോയി മൂത്രമൊഴിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അഭിഭാഷകന്‍ മറുപടി പറഞ്ഞില്ല.