ക്ലൌഡ് കമ്പ്യൂട്ടിങ്ങുമായി ഐബി‌എം

Webdunia
വന്‍ദുരന്തങ്ങളില്‍ പെട്ട് കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ നഷ്ടമാകുന്നത് തടയുക എന്ന ലക്‌ഷ്യത്തോടെ ഐ ബി എം ‘ക്ലൌഡ് കമ്പ്യൂട്ടിങ്ങ്’ ഡാറ്റാ സെന്‍ററുകള്‍ എന്ന ആശയം നടപ്പിലാക്കുന്നു. പത്തു രാജ്യങ്ങളിലായി 300 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചൈന, ജപ്പാന്‍, ടര്‍ക്കി, പോളണ്ട്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായാണ് ഐ ബി എം തങ്ങളുടെ ഡാറ്റാ സെന്‍ററുകള്‍ നിര്‍മ്മിക്കുന്നത്. വെബ് വഴി ലഭ്യമാകുന്ന ഡാറ്റാ സെന്‍റര്‍ സേവനങ്ങളാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങ് എന്നറിയപ്പെടുന്നത്. ഇന്‍റര്‍നെറ്റിന് മേല്‍ ഒരു മേഘപ്പാളിയില്‍ എന്ന പോലെ സുരക്ഷിതമായിരിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനം എന്ന അര്‍ഥത്തിലാണ് ഇതിന് ഈ പേര് നല്‍കിയിരിക്കുന്നത്.

തങ്ങളുടെ നിലവിലുള്ള 154 ഡാറ്റാ സെന്‍ററുകളില്‍ അഞ്ചില്‍ താഴെ സെന്‍ററുകള്‍ക്ക് മാത്രമാണ് ഐ ബി എം ഇതുവരെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സേവനം ലഭിക്കുന്ന ഉപയോക്താവ് തന്‍റെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന വിവരം കമ്പ്യൂട്ടറിലും അനുബന്ധ ഡാറ്റാ സെന്‍ററിലും ശേഖരിക്കുന്നതിനൊപ്പം ക്ലൌഡ് കമ്പ്യൂട്ടിങ്ങ് ഡാറ്റാ സെന്‍ററിലേക്കും അയക്കും. ഉപയോക്താവിന്‍റെ കമ്പ്യൂട്ടറൊ ഡാറ്റാ സെന്‍ററോ തകരുകയാണെങ്കില്‍ നെറ്റിലൂടെ തന്നെ ക്ലൌഡ് ഡാറ്റാ സെന്‍ററില്‍ നിന്ന് ഈ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഏകദേശം ആറു മണിക്കൂര്‍ കൊണ്ട് ഇത്തരത്തില്‍ വിവരങ്ങള്‍ പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്