രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം കൂടുതല്‍ വ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പുതിയ ബ്രോഡ് ബാന്‍ഡ് കണക്ഷന് സബ്സിഡി നല്‍കുന്ന കാര്യം കേന്ദ്ര ടെലിക്കോം മന്ത്രാലയം പരിഗണിക്കുന്നു. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ സേവനദാതാക്കള്‍ ഈടാക്കുന്ന ഫീസിന്‍റെ അമ്പത് ശതമാനമാണ് സബ്സിഡിയായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
ഇതിനു പുറമെ മറ്റ് മേഖലകളെ അപേക്ഷിച്ച് ഗ്രാമ പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരക്ക് നേര്‍പകുതിയായി കുറയ്ക്കാനും ആലോചനയുണ്ട്. ഇ - ഭരണ സംവിധാനം കൂടുതല്‍ കാരക്ഷമാക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍. ഈ രംഗത്ത് തങ്ങള്‍ പൂര്‍ണ പരാജയമാണെന്നാണ് സര്‍ക്കാരിന്‍റെ തന്നെ വിലയിരുത്തല്‍.
ഗ്രാമീണ മേഖലയില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് നല്‍കേണ്ട സബ്സിഡി സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ടെലിക്കോം മന്ത്രാലയത്തിന്‍റെ വക്താവ് അറിയിച്ചു. ഘട്ടംഘട്ടമായിട്ടായിരിക്കും രാജ്യവ്യാപകമായി പരിപാടി നടപ്പിലാക്കുക. വടക്കു കിഴക്കന്‍ മേഖലിലേത് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്നും ടെലിക്കോം മന്ത്രാലയത്തിന്‍റെ വക്താവ് അറിയിച്ചു. എന്നാല്‍ ഓഹരി ഉടമകളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് മാത്രമെ പദ്ധതിക്ക് അന്തിമ രൂപം നല്‍കുകയുള്ളു. വിവര സങ്കേതിക മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്ന സ്കൂളുകള്‍ സ്ഥാപിക്കുന്ന പൊതു സേവന കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ ഘട്ടം ഘട്ടമായി പദ്ധതിയുടെ ഭാഗമാക്കും.
ഇ- ഭരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിന് പിന്നിലെ മൂല കാരണമായി വിലയിരുത്തപ്പെടുന്നത് ഗ്രാമീണ മേഖലകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം വളരെ കുറവാണെന്ന വസ്തുതയാണ്.
ബജറ്റ് വിഹിതം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ പോലും വിവസാങ്കേതിക മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. കഴിഞ്ഞ ബജറ്റില്‍ മന്ത്രാലയത്തിനായി 719 കോടിയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ 617 കോടി മാത്രമാണ് മന്ത്രാലയം ചെലവിട്ടത്. ബാക്കി 102 കോടി തിരികെ നല്‍കുകയായിരുന്നു.