അന്യഗ്രഹ ചിത്രങ്ങള്‍ ഇനി ഓണ്‍ലൈനില്‍

ശനി, 28 മാര്‍ച്ച് 2009 (18:39 IST)
അമേരിക്കന്‍ സപേസ് എജന്‍സിയായ നാസയുടെ കൈവശമുള്ള അന്യ ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ ഇന്‍റെനെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മൈക്രോസോഫ്റ്റും നാസയും തമ്മില്‍ ധാരണയിലെത്തി. പുതിയ ധാരണ പ്രകാരം ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും നാസയുടെ ഉയര്‍ന്ന റെസലൂഷനുള്ള ശാസ്ത്രീയ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ വിര്‍ച്വല്‍ ടെലസ്കോപ് ഉപയോഗിച്ച് ബ്രൌസ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിച്ചെടുക്കും.

നാസയുടെ കാലിഫോര്‍ണിയയിലെ ഗവേഷണകേന്ദ്രത്തിലെത്തുന്ന ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹത്തില്‍ നിന്നയക്കുന്ന ചിത്രങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാവും. 2005ലാണ് നാസ ചൊവ്വാ പര്യവേഷണത്തിനായി ഉപഗ്രഹമയച്ചത്. ഇതുവരെ അയച്ചിട്ടുള്ള പര്യവേഷണ ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ചതിന്‍റെ എത്രയോ ഇരട്ടി വിവരങ്ങളും ചിത്രങ്ങളുമാണ് ഈ ഉപഗ്രഹം നല്‍കിയത്.

നാസയുടെ പര്യവേഷണങ്ങളെയും കണ്ടെത്തലുകളെയും കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ പുതിയ പദ്ധതികൊണ്ട് കഴിയുമെന്നാണ് നാസയുടെ വാഷിംഗ്‌ടണിലുള്ള സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ഇദ് വെയ്‌ലര്‍ പറഞ്ഞു.

വേള്‍ഡ്‌വൈഡ് ടെലസ്കോപ്പിലൂടെ ലോകത്തിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നാസയുടെ ചാന്ദ്ര, ചൊവ്വാ പര്യവേഷണങ്ങളിലെ ചിത്രങ്ങളും വിവരങ്ങളും കാണാനും പങ്കുവെക്കനുമാകും. മെയ് 30ന് വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നാസയുടെ പുതിയ ചാന്ദ്ര പര്യവേഷണ ഉപഗ്രഹത്തില്‍ നിന്നയക്കുന്ന ചിത്രങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

വെബ്ദുനിയ വായിക്കുക