നാഡീ ജ്യോതിഷം: വിധി താളിയോലയില്‍!

അയ്യാനാഥന്‍
ജ്യോതിഷത്തില്‍ തന്നെ പല വിഭാഗങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. നക്ഷത്രഫലം, ഹസ്തരേഖാ ശാസ്ത്രം, സംഖ്യാ ജ്യോതിഷം ഇവയൊക്കെ സാധാരണ കേള്‍ക്കുന്ന ജ്യോതിഷ വിഭാഗങ്ങളാണ്. എന്നാല്‍, നാഡീ ജ്യോതിഷ വിഭാഗം അതിപുരാതനവും അതി വിശേഷവുമാണെന്നാണ് കരുതപ്പെടുന്നത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരമ്പരയില്‍ ഈ ആഴ്ച ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത് തമിഴ്നാട്ടിലെ ‘വൈത്തീശ്വരന്‍ കോവില്‍’ എന്ന ശിവ ക്ഷേത്രത്തിലേക്കാണ്. ഇവിടം നാഡീ ജ്യോതിഷത്തിന്‍റെ അപൂര്‍വ്വ സങ്കേതമായാണ് അറിയപ്പെടുന്നത്.

വെത്തീശ്വരന്‍ കോവിലനടുത്ത തെരുവില്‍ നാഡീ ജ്യോതിഷത്തിലൂടെ ഭാവിയും വിധിയും പറയുമെന്ന് വെളിപ്പെടുത്തുന്ന അനേകം ബോര്‍ഡുകള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും അനേകായിരങ്ങളാണ് വെത്തീശ്വരന്‍ കോവിലില്‍ ദര്‍ശനത്തിനായി എത്തുന്നത്. ഇവര്‍ ദേവ സാമീപ്യത്തിനുമാത്രമല്ല താലിയോലകളില്‍ നേരത്തെ തന്നെ എഴുതപ്പെട്ടിരിക്കുന്ന വിധിയും ഭാവിയും കൂടി അറിയാനാണ് ഇവിടെയെത്തുന്നത്.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക


WDWD
ഞങ്ങള്‍ കെ.വി ബാബു സ്വാമി എന്ന നാഡീ ജ്യോതിഷിയെ പരിചയപ്പെട്ടു. സ്വാമി നാഡീ ജ്യോതിഷത്തെ കുറിച്ച് ചെറിയൊരു വിവരണം തരികയും ചെയ്തു. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അഗസ്ത്യമുനിയാണ് നാഡീജ്യോതിഷം ലോകത്തിന് നല്‍കിയത്. അദ്ദേഹത്തിനു ശേഷം കൌശിക മുനിയും ശിവ വകിയാര്‍ എന്ന സിദ്ധനുമായിരുന്നു ഇതിന്‍റെ ആചാര്യന്‍‌മാര്‍.

പുരുഷന്‍‌മാരുടെ വലത് കൈയ്യുടെയും സ്ത്രീകളുടെ ഇടത് കൈയ്യുടെയും വിരലടയാളമാണ് നാഡീ ജ്യോതിഷ പ്രവചനത്തിന് വേണ്ടത്. ഈ അടയാളം ഉപയോഗിച്ച് വ്യക്തിയുടെ പേര്, ഭാര്യയുടെ പേര്, അച്ഛന്‍റെ പേര്, അമ്മ, സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ഇവ പറയുന്ന താളിയോല കണ്ടെത്താനാവും. സ്വത്ത്, വിദ്യാഭ്യാസം തുടങ്ങി മറ്റ് സൂചനകളും താളിയോലകളില്‍ ഉണ്ടാവുമത്രേ! ഈ വിവരങ്ങള്‍ എല്ലാം നിങ്ങളുടേതാണെന്ന് ഉറപ്പാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയേണ്ട ഭാവികാര്യം ജ്യോതിഷിയോട് ചോദിച്ചു മനസ്സിലാക്കാം.

മനുഷ്യര്‍ക്ക് വ്യത്യസ്തമായ 108 തരം വിരലടയാളങ്ങള്‍ ഉണ്ടെന്നാണ് ബാബുസ്വാമി പറയുന്നത്. ഇതില്‍ തന്നെ ചെറിയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും പിരിവുകളുണ്ട്. ഒരാളുടെ ഭാവിയും വിധിയും പറഞ്ഞിരിക്കുന്ന താളിയോല കണ്ടെത്താന്‍ വിരലടയാളങ്ങള്‍ പ്രധാനമാണ്.

WDWD
വ്യത്യസ്ത ആളുകളുടെ വിരലടയാളങ്ങള്‍ വ്യത്യസ്തങ്ങളാണ്. വിരലടയാളത്തിന്‍റെ ആകൃതി അനുസരിച്ചാണ് ജ്യോതിഷികള്‍ ഒരു പ്രത്യേക താളിയോല തെരഞ്ഞെടുക്കുന്നത്. ഈ കെട്ടില്‍ നിന്ന് അടയാളം നല്‍കിയ വ്യക്തിയുടെ പ്രത്യേക താലിയോല തെരഞ്ഞെടുക്കാനായി ഓലകളില്‍ നിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു.

WDWD
ഫലം നോക്കുന്നതെങ്ങിനെയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് ഞങ്ങള്‍ ബാബുസ്വാമിയോട് പറഞ്ഞു. ഇതിനായി ഞങ്ങളില്‍ ഒരാള്‍ വിരലടയാളം നല്‍കി. അടയാളം ശംഖ് ആകൃതിയില്‍ ഉള്ളതാണെന്ന് ബാബുസ്വാമി പറഞ്ഞു. താളിയോലകള്‍ വച്ചിടത്തേക്ക് പോയ ബാബുസ്വാമി ഒരു ഓലക്കെട്ടുമായാണ് മടങ്ങിയത്. അടയാളം നല്‍കിയ വ്യക്തിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് “അതെ” അല്ലെങ്കില്‍ “അല്ല” എന്ന രീതിയില്‍ മറുപടിനല്‍കാന്‍ ആവശ്യപ്പെട്ടു.

ആദ്യ ചോദ്യത്തിന് അല്ല എന്നായിരുന്നു മറുപടി. സ്വാമി ഉടന്‍ അടുത്ത ഓലയെടുത്ത് ചോദ്യം തുടര്‍ന്നു. വീണ്ടും അല്ല എന്നായിരുന്നു മറുപടി. ഇത് പതിനൊന്നാം ഓല എടുക്കുന്നത് വരെ തുടര്‍ന്നു. അല്‍ഭുതമെന്ന് പറയട്ടെ! ഈ ഓലയില്‍ ആദ്യ ഏഴ് ചോദ്യം വരെ ഉത്തരം അതെ എന്നായിരുന്നു. ഇതായിരുന്നു ചോദ്യങ്ങള്‍,

നിങ്ങള്‍ക്ക് ഇരട്ട ബിരുദം ഉണ്ടോ?

സ്വന്തം വീട്ടിലാണോ താമസിക്കുന്നത്?

രോഗപീഡയൊന്നുമില്ല. അല്ലേ?

നിങ്ങളുടെ ഭാര്യക്ക് ജോലിയില്ല. കുടുംബിനിയാണ് അല്ലേ?

നിങ്ങളും നിങ്ങളുടെ പിതാവും ഒരു തവണയില്‍ കൂടുതല്‍ വിവാഹിതരായിട്ടില്ല?

WDWD
ഇതേ പോലെ രണ്ട് ചോദ്യങ്ങള്‍ക്ക് കൂടി അതെ എന്ന മറുപടിയായിരുന്നു നല്‍കിയത്. എന്നാല്‍, എട്ടാമത്, നിങ്ങളുടെ പുത്രി വിദേശത്താണോ പഠിക്കുന്നത് എന്ന ചോദ്യത്തിന് “അല്ല” എന്നായിരുന്നു മറുപടി.

ബാബുസ്വാമി ചോദ്യം ചോദിച്ചു കൊണ്ടിരുന്ന ഓലമാറ്റി വീണ്ടും ഒമ്പത് ഓലകളില്‍ നിന്ന് ചോദ്യം ചോദിച്ചു. എന്നാല്‍, എല്ലാ ഉത്തരങ്ങള്‍ക്കും “അല്ല” എന്നായിരുന്നു മറുപടി.

WDWD
വീണ്ടും അടുത്ത കെട്ട് പരിശോധിക്കാനായി പോയ ബാബുസ്വാമി വെറുകൈയ്യോടെയാണ് മടങ്ങി വന്നത്. “ഇത് നിങ്ങളുടെ ദിവസമല്ല. ജീവിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും അറിയാനായി മാത്രം ഉദ്ദേശിച്ച് വന്നാല്‍ മാത്രമേ നിങ്ങളുടെ ഓല ലഭിക്കുകയുള്ളൂ. ഇതും വിധിയാണ്”-ബാബുസ്വാമി പറഞ്ഞു.

ഞങ്ങള്‍ പ്രതിഫലം നല്‍കാന്‍ തുടങ്ങിയപ്പോള്‍ ബാബുസ്വാമി അത് തടഞ്ഞുകൊണ്ട് പറഞ്ഞു, “ഒരാളുടെ വിവരം പൂര്‍ണ്ണമായി നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിഫലം വാങ്ങുകയുള്ളൂ, അതാണ് ഇവിടുത്തെ നിയമം”.

WDWD
ഇത് ഞങ്ങളെ അല്‍‌ഭുതപ്പെടുത്തുന്നു. ഭൂമിയില്‍ കോടാനുകോടി ജനനം നടക്കുന്നു. ഇവരുടെയെല്ലാം വിധി നമ്മുടെ മുനിമാര്‍ എഴുതി വച്ചിരിക്കുന്നോ? പാരമ്പര്യം എന്തുമാവട്ടെ, പൂര്‍വ്വ ജന്‍‌മവും പുനര്‍ജന്‍‌മവും വിധിയും ശാസ്ത്രത്തിന് അംഗീകരിക്കാനിവില്ല. എന്നാല്‍, ഇവിടെ ആയിരക്കണക്കിന് സാധാരണക്കാരാണ് എത്തുന്നത്...അവര്‍ ഇത് വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളോ?... ഞങ്ങള്‍ക്ക് എഴുതുക.

ഫോട്ടോ ഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

നിങ്ങള്‍ വിധിയില്‍ വിശ്വസിക്കുന്നോ?