കാർത്തിക്കും റസലും എന്താണ് ചെയ്യുന്നത്? കൊൽക്കത്തയുടേത് നാണംകെട്ട തോൽവിയെന്ന് സെവാഗ്
ബുധന്‍, 14 ഏപ്രില്‍ 2021 (14:04 IST)
മുംബൈക്കെതിരെ ദിനേഷ് കാർത്തിക്ക്,ആന്ദ്രേ റസൽ എന്നിവർ സ്വീകരിച്ച സമീപനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പോസിറ്റീവ് മനോഭാവത്തോടെയല്ല രണ്ട് താരങ്ങളും കളിച്ചതെന്ന് സെവാഗ് പറഞ്ഞു.
ആദ്യ മത്സരത്തിന് ശേഷം പോസിറ്റീവ് ക്രിക്കറ്റ് കളിക്കുമെന്നാണ് മോർഗൻ പറഞ്ഞത്. എന്നാൽ റസലിന്റെയും കാർത്തിക്കിന്റെയും ബാറ്റിങ് കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. അവസാന പന്ത് വരെ കൊണ്ടുപോയി ജയിക്കുക എന്ന സമീപനമാണ് അവർ സ്വീകരിച്ചത്. എന്നാൽ അത് സംഭവിച്ചില്ല.
കാർത്തിക്കിനും റസലിനും മുൻപേ വന്ന ബാറ്റ്സ്മാന്മാർ എല്ലാവരും തന്നെ പോസിറ്റീവായാണ് കളിച്ചത്. കളി ഫിനിഷ് ചെയ്യാൻ റാണയോ ഗില്ലോ അവസാനം വരെ നിൽക്കേണ്ടതായിരുന്നു സെവാഗ് പറഞ്ഞു. റസൽ വരുമ്പോൾ 27 പന്തിൽ 30 റൺസ് മാത്രമാണ് കൊൽക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്. നാണംകെട്ട തോൽവിയാണ് ഇതെന്നും സെവാഗ് പറഞ്ഞു.