ഒരു തലമുറയുടെ ആവേശമായിരുന്ന താരങ്ങളെല്ലാം അഴിഞ്ഞാടിയപ്പോൾ റോഡ് സേഫ്‌റ്റി സീരീസിലെ ഇന്ത്യ-വിൻഡീസ് മത്സരം സമ്മാനിച്ചത് മറക്കാനാവാത്ത ചില കാഴ്‌ച്ചകൾ. മത്സരത്തിൽ സച്ചിൻ,സെവാഗ്,യുവരാജ് എന്നീ മുൻനിര താരങ്ങളുടെ പ്രകടനങ്ങളുടെ ബലത്തിൽ 218 എന്ന കൂറ്റൻ സ്കോർ തീർത്ത ഇന്ത്യ 12 റൺസിനാണ് മത്സരത്തിൽ വിജയിച്ചത്. ഇതോടെ ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യൻ ലെജൻഡ്‌സ് യോഗ്യത നേടി.
17 പന്തിൽ നിന്നും 35 റൺസോടെ സെവാഗ് തുടങ്ങിവെച്ച വെടിക്കെട്ട് സച്ചിനും യുവരാജും ഏറ്റെടുത്തതോടെ ഇന്ത്യ 20 ഓവറിൽ നിന്നും സ്വന്തമാക്കിയത് 218 റൺസ്. സച്ചിൻ 42 പന്തിൽ നിന്നും 65 റൺസും പിന്നാലെയെത്തിയ യുവരാജ് 20 പന്തിൽ നിന്നും 49 റൺസും നേടി. തുടർച്ചയായ 3 സിക്‌സറുകൾ അടക്കം 245 സ്ട്രൈക്ക് റേറ്റോടെയാണ് യുവരാജിന്റെ ഇന്നിങ്‌സ്.