ഐപിഎൽ: മൂല്യമേറിയ താരത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ താരങ്ങൾ ഇവരാണ്

വെള്ളി, 21 ഓഗസ്റ്റ് 2020 (15:29 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ യുഎഇ‌യിൽ സെപ്‌റ്റംബർ 19ന് ആരംഭിക്കാനിരിക്കുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഓരോ ഐപിഎൽ സീസണിന്റെ  അവസാനവും ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരത്തിന് പുരസ്‌കാരം സമ്മാനിക്കാറുണ്ട്. 12 വർഷത്തിനിടയിൽ ഇതുവരെ 3 താരങ്ങൾക്ക് മാത്രമാണ് ഈ പുരസ്‌കാരം രണ്ട് തവണ നേടാനായിട്ടുള്ളു. അവർ ആരെല്ലാമാണെന്ന് നോക്കാം.
 
വെസ്റ്റിൻഡീസ് താരം ആൻഡ്രെ റസലാണ് ഈ നേട്ടം 2 തവണ സ്വന്തമാക്കിയവരിൽ ഒരാൾ. 2015,19 സീസണുകളിലായിരുന്നു റസലിന്റെ ഈ നേട്ടം. 2015 സീസണിൽ 13 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സും 14 വിക്കറ്റും റസൽ കൊൽക്കത്തയ്‌ക്കായി സ്വന്തമാക്കി. 2019ൽ 14 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സും 11 വിക്കറ്റുകളുമാണ് താരം നേടിയത്.
 
മറ്റൊരു വെസ്റ്റിൻഡീസ് ഓൾറൗണ്ടറായ സുനിൽ നരൈനാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരാൾ. 2012ലും 2018ലുമായിരുന്നു നരൈനിന്റെ നേട്ടം. ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകൾ ഉണ്ടായില്ലെങ്കിലും 2012 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 24 വിക്കറ്റ് നരൈൻ സ്വന്തമാക്കി.2018 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 357 റണ്‍സും 17 വിക്കറ്റുമാണ് നരെയ്ന്‍ നേടിയത്.
 
ഓസ്‌ട്രേലിയയുടെ ഷെയ്‌ൻ വാട്‌സണും രണ്ട് തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2008ലെ ആദ്യ ഐപിഎല്ലിൽ രാജസ്ഥാനായി 472 റണ്‍സും 17 വിക്കറ്റും നേടിയതാണ് വാട്‌സണെ ഈ ബഹുമതിയിലേക്കെത്തിച്ചത്. 2013 സീസണില്‍ 38.78 ശരാശരിയില്‍ 543 റണ്‍സും 13 വിക്കറ്റും നേടി വാട്‌സൺ രണ്ടാമതും ഈ നേട്ടം സ്വന്തം പേരിൽ ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍