ഇങ്ങനെയെങ്കിൽ ഷമിയെ ഓപ്പണറാക്കി ഇറക്കിയാലും മതിയല്ലോ, കെഎൽ രാഹുലിന്റെ മോശം ക്യാപ്‌റ്റൻസിക്കെതിരെ ആശിഷ് നെഹ്‌റ

തിങ്കള്‍, 19 ഏപ്രില്‍ 2021 (12:52 IST)
ഐപിഎല്ലിൽ വമ്പൻ സ്കോർ നേടിയിട്ടും വിജയം നേടാനാവാതിരുന്ന പഞ്ചാബ് സൂപ്പർ കിംഗ്‌സിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. നായകനെന്ന നിലയിൽ രാഹുലിന് തന്റെ ബൗളർമാരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്തതാണ് തോൽവിക്ക് കാരണമെന്ന് നെഹ്‌റ.
 
പത്തോവർ കഴിഞ്ഞാണ് ടീമിന്റെ പ്രധാന ബൗളറായ ലിറെ മെറിഡിത്തിനെ രാഹുൽ പന്തേൽപ്പിക്കുന്നത്. ആദ്യ ഓവറിൽ തന്നെ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കുകയും ചെയ്‌തു. മുഹമ്മദ് ഷമിയുടെ നാലോവർ പൂർത്തിയാക്കിയതാവട്ടെ നാല് സ്പെല്ലുകളായിട്ടാണ്. അർഷദീപ് സിം​ഗാണ് പഞ്ചാബിന്റെ ബൗളിം​ഗ് തുടങ്ങിയത്. ഒന്നുകിൽ തുടക്കത്തിൽ കളി നിയന്ത്രിക്കണം അല്ലെങ്കിൽ ഒടുക്കമെങ്കിലും കളി നിയന്ത്രിക്കണം. എന്നാൽ ഇതൊന്നും പഞ്ചാബിൽ നിന്നുണ്ടായില്ല.
 
ക്രിക്കറ്റിൽ വമ്പൻ ജയവും തോൽവിയുമെല്ലാം ഉണ്ടാകും. അതെല്ലാം കളിയുടെ ഭാ​ഗവുമാണ്. എന്നാൽ ചില കാര്യങ്ങളെങ്കിലും നമ്മുടെ നിയന്ത്രണത്തി‌ലാണ്. നായകൻ എന്ന നിലയിൽ അതെങ്കിലും രാഹുൽ ചെയ്യണം. പ്രധാന ബൗളർമാരെ അവസാനത്തേക്ക് മാറ്റിവെക്കുന്നതാണ് തന്ത്രമെങ്കിൽ ബാറ്റിങ്ങിൽ രാഹുൽ ഓപ്പണറായി ഇറങ്ങേണ്ട കാര്യമില്ലല്ലോ. പകരം പകരം ജലജ് സക്സേനയെയോ മുഹമ്മദ് ഷമിയോ ഷാരൂഖ് ഖാനോ ഓപ്പണറാ‌യി ഇറങ്ങിയാൽ മതിയല്ലോയെന്നും നെഹ്‌റ പരി‌ഹസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍