തോറ്റിട്ടും പ്ലേ ഓഫിൽ സ്ഥാനം നേടി ബാംഗ്ലൂർ, നാലാം സ്ഥാനക്കാർ ആരാണെന്ന് ഇന്നറിയാം

ചൊവ്വ, 3 നവം‌ബര്‍ 2020 (12:14 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടെങ്കിലും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു. അതേസമയം ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദരാബാദുമായുള്ള മത്സരശേഷം മാത്രമെ നാലാം സ്ഥാനക്കാർ ആരാകുമെന്നത് ഉറപ്പിക്കാനാകു.
 
ഇന്ന് മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും പ്ലേഓഫ് കടക്കാം. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തും.അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിന് ഡല്‍ഹിയുടെ ഇന്നിങ്‌സ് 17.3 ഓവറിനപ്പുറത്തേക്ക് കൊണ്ടുപോയാല്‍ ആദ്യ നാലില്‍ തന്നെ തുടരാനുള്ള അവസരമുണ്ടായിരുന്നു. തോറ്റെങ്കിലും ഈ ലക്ഷ്യം സാധിക്കുന്നതിൽ ബാംഗ്ലൂർ വിജയിക്കുകയായിരുന്നു.
 
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിൽ ഡൽഹിക്കായി ശിഖർ ധവാൻ അജിങ്ക്യ രഹാനെ എന്നിവർ അർധ സെഞ്ചുറികൾ നേടി. നേരത്തെ ദേവ്ദത്ത് പടിക്കലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍