പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്നലെ ഐപിഎല്ലില്‍ കണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ രണ്ടാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 136 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി വിജയലക്ഷ്യം മറികടന്നത്.
അവസാന നിമിഷം വരെ നെഞ്ചിടിപ്പേറിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. സ്റ്റേഡിയത്തിലുള്ള കാണികളും ഡഗ്ഔട്ടിലുള്ള താരങ്ങളും അവസാന നിമിഷം വരെ ശ്വാസമടക്കിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ക്യാമറ കണ്ണുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷിയുടെയും മകള്‍ സിവയുടെയും അടുത്തേക്ക് തിരിഞ്ഞത്.