ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ബുമ്രയെന്ന് കോലി

അഭിറാം മനോഹർ

ചൊവ്വ, 18 മാര്‍ച്ച് 2025 (13:18 IST)
കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ ആരെന്ന് വെളിപ്പെടുത്തി സൂപ്പര്‍ താരം വിരാട് കോലി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, കഗിസോ റബാഡ തുടങ്ങിയ പേസര്‍മാരെയെല്ലാം നേരിട്ടിട്ടൂണ്ടെങ്കിലും തനിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ബൗളര്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയാണെന്നാണ് കോലി വ്യക്തമാക്കിയത്. ഐപിഎല്ലില്‍ ബുമ്രയെ കളിക്കാന്‍ താന്‍ പ്രയാസപ്പെട്ടിട്ടുണ്ടെന്നാണ് കോലി വ്യക്തമാക്കിയത്. 2025ലെ ഐപിഎല്‍ സീസണിന് മുന്നോടിയായാണ് കോലിയുടെ തുറന്ന് പറച്ചില്‍.
 
താന്‍ നേരിട്ടതി വെച്ച് ഏറ്റവും കടുപ്പമേറിയ ബൗളര്‍ ബുമ്രയാണെന്നും അദ്ദേഹത്തെ നേരിടാന്‍ നല്ല സ്‌കില്‍ വേണമെന്നും കോലി വ്യക്തമാക്കി. ജസ്പ്രീത് ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നതില്‍ യാതൊരു സംശയവുമില്ല. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹമാണ് മികച്ച ബൗളര്‍. ഐപിഎല്ലില്‍ എന്നെ പല തവണ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. ഐപിഎല്‍ ഞാന്‍ ആവേശത്തോടെയാണ് നോക്കികാണുന്നത്. ബുമ്രയെ നേരിടുമ്പോള്‍ ആവേശം തോന്നാറുണ്ട്. കാരണം നെറ്റ്‌സില്‍ കളിയിലെ ഇന്റന്‍സിറ്റിയോടെയാകില്ല നമ്മള്‍ ബൗളറെ നേരിടുന്നത്. ഐപിഎല്ലിലേക്ക് വരുമ്പോള്‍ എപ്പോഴും ഓരോ പന്തും ഒരു മൈന്‍ഡ് ഗെയിം പോലെയാണ്. ആര്‍സിബി പുറത്തുവിട്ട വീഡിയോയില്‍ കോലി പറയുന്നു.
 
 ബുമ്രക്കെതിരെ 16 ഇന്നിങ്ങ്‌സുകളില്‍ നിന്നും 147.36 സ്‌ട്രൈക്ക് റേറ്റോടെ 140 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ അഞ്ച് തവണ കോലിയെ പുറത്താക്കാന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍