പുറത്താക്കിയതിന് പിന്നാലെ പൃഥ്വി ഷായെ പരിഹസിച്ച് മുഷീർ ഖാൻ, തല്ലാൻ ബാറ്റോങ്ങി പൃഥ്വി ഷാ, സൗഹൃദമത്സരത്തിൽ നാടകീയ രംഗങ്ങൾ
ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വമ്പന്‍ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും വീണ്ടും വിവാദങ്ങളില്‍ പെട്ട് പൃഥ്വി ഷാ. രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി നടന്ന മുംബൈ- മഹാരാഷ്ട്ര സന്നാഹമത്സരത്തിനിടെയായിരുന്നു സംഭവം. കരിയറിന്റെ തുടക്കം മുതലെ മുംബൈയ്ക്ക് കളിച്ചിരുന്ന പൃഥ്വി ഷാ ഇത്തവണ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മത്സരത്തില്‍ 181 റണ്‍സുമായി ഷാ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഷായെ പുറത്താക്കിയതിന് പിന്നാലെ മുംബൈ താരം മുഷീര്‍ ഖാന്‍ നടത്തിയ ആഹ്‌ളാദപ്രകടനമാണ് പൃഥ്വി ഷായെ ചൊടുപ്പിച്ചത്.
മത്സരത്തില്‍ 220 പന്തില്‍ നിന്ന് 181 റണ്‍സെടുത്ത താരത്തെ മുഷീര്‍ ഖാനാണ് പുറത്താക്കിയത്. പുറത്തായതിന് പിന്നാലെ പൃഥ്വി ഷായെ പരിഹസിക്കുന്ന തരത്തിലുള്ള ആഹ്‌ളാദപ്രകടനമാണ് മുഷീര്‍ നടത്തിയത്. ഇതോടെ മുന്‍ സഹതാരമായ മുഷീറിനെ തല്ലാനായി ബാറ്റോങ്ങികൊണ്ടാണ് പൃഥ്വി ഷാ താരത്തിനടുത്തേക്ക് നീങ്ങിയത്. പൃഥ്വി ഷാ മുഷീറിന്റെ കോളറില്‍ പിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. സഹ ബാറ്റര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.