ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക ഇന്ത്യന്‍ ടി20 നായകനായ സൂര്യകുമാര്‍ യാദവാകുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് മുംബൈയുടെ സീസണിലെ ആദ്യ മത്സരം. ഇന്ത്യന്‍ ടി20 നായകനെന്ന നിലയില്‍ പരിചയമുള്ളതാണ് നായകസ്ഥാനത്തേക്ക് സൂര്യയെ പരിഗണിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയതിന് ശേഷം വെക്കേഷനില്‍ പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇതുവരെയും മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തിയിട്ടില്ല. കഴിഞ്ഞ സീസണില്‍ മുംബൈ നായകസ്ഥാനം രോഹിത് ഒഴിഞ്ഞിരുന്നു. ആദ്യമത്സരത്തില്‍ രോഹിത് കളിക്കുമെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യയെ നായകനാക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. കഴിഞ്ഞ സീസണിലെ കുറഞ്ഞ ഓവര്‍ റേറ്റിന് സസ്‌പെന്‍ഷന്‍ നേരിടുന്നത് മൂലമാണ് ഹാര്‍ദ്ദിക്കിന് ആദ്യമത്സരം നഷ്ടമാവുക. രണ്ടാം മത്സരം മുതല്‍ ഹാര്‍ദ്ദിക് തന്നെയാകും മുംബൈ ഇന്ത്യന്‍സിനെ നയിക്കുക.