ഹൈദരാബാദില്‍ സൂര്യനുദിച്ചത് ഇന്ന് വൈകീട്ട് ഏഴരയ്ക്കാണെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തി ആകില്ലെന്ന് തന്നെ പറയാം. 2024 ഐപിഎല്ലിലെ തീര്‍ത്തും ഏകപക്ഷീയമായ ആദ്യ പകുതിയാണ് 10 ഓവറുകള്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് മുംബൈ മത്സരത്തില്‍ കാണാനാകുന്നത്. ടോസ് നഷ്ടപ്പെട്ടെങ്കിലും ഹൈദരാബാദില്‍ സൂര്യനുദിച്ചതോടെ അതിന്റെ ചൂടില്‍ മുംബൈ ബൗളര്‍മാര്‍ വെന്തുരുകുന്നതാണ് ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഓപ്പണറായ ട്രാവിസ് ഹെഡ് 18 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടി ഹൈദരാബാദിനായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ് നേടി കണ്ണടയ്ക്കും മുന്‍പാണ് അഭിഷേക് ശര്‍മ 16 പന്തില്‍ അർധസെഞ്ചുറി നേടികൊണ്ട് ആ റെക്കോര്‍ഡ് തകര്‍ത്തത്.
അടുത്ത ബുമ്രയെന്ന വിശേഷണവുമായി ആദ്യ മത്സരത്തിനിറങ്ങിയ ക്വെന മഫാക്കയ്ക്കും നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കുമെല്ലാം ഇത്തവണ ഹെഡിന്റെയും അഭിഷേകിന്റെയും ബാറ്റിന്റെ ചൂടറിയാന്‍ അവസരമൊരുങ്ങി. മഫാക്ക 3 ഓവറില്‍ 48 റണ്‍സും ഹാര്‍ദ്ദിക് 3 ഓവറില്‍ 35 റണ്‍സുമാണ് വിട്ടുനല്‍കിയത്. 2 ഓവര്‍ പന്തെറിഞ്ഞ യുവ പേസ് സെന്‍സേഷനായ ജെറാള്‍ഡ് കൂറ്റ്‌സെയും 34 റണ്‍സാണ് വിട്ടുനല്‍കിയത്. ട്രാവിസ് ഹെഡിനെ പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവരുന്നെന്ന സൂചന നല്‍കിയ അവസരത്തിലായിരുന്നു വമ്പന്‍ ഷോട്ടുകളുമായി അഭിഷേക് ശര്‍മ അവതരിച്ചത്.
ട്രാവിസ് ഹെഡ് ശവപ്പെട്ടിയില്‍ അടിച്ചിട്ട ആണികളുടെ കൂടെ അഭിഷേക് ശര്‍മയും കൂടിയതോടെ ഹൈദരാബാദില്‍ ഇതുവരെയായി നടക്കുന്നത് മുംബൈ ഇന്ത്യന്‍സിന്റെ കുരുതിയാണ്. 11 ഓവറുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 163 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ് ഹൈദരാബാദ്. 62 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, 63 റണ്‍സുമായി അഭിഷേക് ശര്‍മ എന്നിവരാണ് പുറത്തായത്. മായങ്ക് അഗര്‍വാള്‍ 11 റണ്‍സിന് നേരത്തെ പുറത്തായിരുന്നു.