ഈ ഐപിഎല്ലില്‍ വമ്പന്‍ സ്‌കോറുകള്‍ തുടര്‍ച്ചയായി നേടികൊണ്ട് ആരാധകരെ ഞെട്ടിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് പിന്നാലെയെത്തുന്ന മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയ ബാറ്റര്‍മാരാണ് ടീമിനെ ഐപിഎല്‍ ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ സ്‌കോറുകളില്‍ എത്തിക്കുന്നത്. അതിനാല്‍ തന്നെ ഏത് ബൗളിംഗ് നിരയ്ക്കും ഭീഷണിയാണ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിര.
എന്നാല്‍ ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ട്രാവിസ് ഹെഡ് വെറും ഒരു റണ്‍സിന് പുറത്തായ ശേഷം ഈ പേരുകേട്ട ബാറ്റിംഗ് നിര തകര്‍ന്നിരുന്നു. അഭിഷേക് ശര്‍മ 31 റണ്‍സുമായി തിളങ്ങിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രവും ക്ലാസനും 7 റണ്‍സിനാണ് പുറത്തായത്. മത്സരത്തില്‍ മധ്യനിര പരാജയമായതോടെ റ്റീം തകര്‍ന്നടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.
ടോപ് ഓര്‍ഡറിലെ ആദ്യ നാല് പേരും പുറത്തായാല്‍ കാറ്റഴിഞ്ഞ ബലൂണ്‍ കണക്കെയാണ് ഹൈദരാബാദെന്നും ഇന്നലെ ആര്‍സിബി അത് മറ്റ് ടീമുകള്‍ക്ക് കാണിച്ചുകൊടുത്തെന്നും പത്താന്‍ പറയുന്നു. ടോപ് ഓര്‍ഡര്‍ തകര്‍ന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ പോന്ന ഒരു മധ്യനിര ആ ടീമിനില്ല. ടോപ് 4 പുറത്തായ ശേഷം ഇന്നലെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ പോലും ഹൈദരാബാദിനായില്ല.പണ്ട് ആര്‍സിബിയുടെയും പ്രധാനപ്രശ്‌നം ഇതായിരുന്നു. റണ്‍സ് അടിച്ചുകൂട്ടാന്‍ ടോപ് ഓര്‍ഡര്‍ ഉണ്ടെങ്കിലും അത് തകര്‍ന്നാല്‍ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ പോലും സാധിക്കാത്ത അവസ്ഥ. ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.