പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ്. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിയുമായി കരാര്‍ നിലനില്‍ക്കെ താരം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കരാര്‍ ഒപ്പിട്ടിരുന്നു. സംഭവത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് നല്‍കിയതോടെയാണ് കോര്‍ബിന്‍ ബോഷ് വിശദീകരണവുമായി എത്തിയത്. മുംബൈ നിരയില്‍ പരിക്കേറ്റ ലിസാഡ് വില്യംസിന് പകരക്കാരനായാണ് ബോഷ് മുംബൈ ഇന്ത്യന്‍സിലെത്തിയത്.
പിഎസ്എല്ലുമായുള്ള കരാര്‍ ലംഘിച്ചതില്‍ കോര്‍ബിന്‍ ബോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് താരം പാക് ക്രിക്കറ്റ് ബോര്‍ഡിന് വിശദീകരണം നല്‍കിയത്. തീരുമാനത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോടുള്ള ബഹുമാനക്കുറവല്ല. ഭാവിക്ക് കൂടി പ്രാധാന്യം നല്‍കിയാണ് ഇത്തരമൊരു തീരുമാനം. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ കരുത്തുറ്റ ടീം മാത്രമല്ല. പല ലീഗുകളിലും മത്സരിക്കുന്ന ഫ്രാഞ്ചൈസിയാണ്. ഇത് എന്റെ കരിയറില്‍ നിര്‍ണായകമാണ്. കോര്‍ബിന്‍ ബോഷ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍ ടീമിന്റെ ഭാഗമായിരുന്നു ബോഷ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും താരങ്ങള്‍ പിന്മാറുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍ബിന്‍ ബോഷിനെതിരെ നടപടി വേണമെന്നാണ് പിസിബിയുടെ ആവശ്യം. അതേസമയം താരത്തിന് വലിയ ശിക്ഷ നല്‍കിയാല്‍ വിദേശതാരങ്ങള്‍ പാക് ക്രിക്കറ്റ് ലീഗില്‍ വരുന്നതിനെയും ബാധിച്ചേക്കാം. അതിനാല്‍ തന്നെ ബോഷിന്റെ വിശദീകരണം പരിശോധിച്ച ശേഷമാകും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി.