Sanju Samson: ഐപിഎല്ലില്‍ അരങ്ങേറി 10 വര്‍ഷങ്ങള്‍ പക്ഷേ സഞ്ജുവിന്റെ പേരില്‍ ഇതുവരെ ഒരു 500+ സീസണില്ല, ആ നാണക്കേട് ഇത്തവണ തിരുത്തുമെന്ന് ആരാധകര്‍

അഭിറാം മനോഹർ

തിങ്കള്‍, 29 ഏപ്രില്‍ 2024 (19:42 IST)
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ മലയാളി താരമായ സഞ്ജു സാംസണ്‍ ഇടം പിടിക്കുമോ എന്ന ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച് 10 വര്‍ഷത്തിന് മുകളിലായിട്ടും പക്ഷേ ഇതുവരെയും ഒരു 500+ സീസണ്‍ സഞ്ജുവിന് ഉണ്ടായിട്ടില്ല. സഞ്ജുവിന് ശേഷം വന്ന താരങ്ങളില്‍ പലരും 500+ പല സീസണുകളിലും സ്വന്തമാക്കിയിട്ടും സഞ്ജുവിന് ഒരു സീസണിലും ഈ നേട്ടം സ്വന്തമാക്കാനായില്ല എന്നത് ഒരു കുറവ് തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.
 
ടി20യില്‍ തനിക്ക് എന്തെല്ലാം ചെയ്യാം കഴിയുമെന്ന് സഞ്ജു തെളിയിച്ചിട്ടുണ്ടെങ്കിലും 2021 സീസണില്‍ നേടിയ 484 റണ്‍സാണ് ഒരു സീസണില്‍ സഞ്ജു നേടിയതില്‍ ഏറ്റവും അധികം റണ്‍സ്. 2024ലെ ഐപിഎല്‍ സീസണിലെ 9 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 384 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ലീഗില്‍ ഇനിയും 5 മത്സരങ്ങള്‍ സഞ്ജുവിന് ബാക്കിയുണ്ട്. കൂടാതെ പ്ലേ ഓഫ് മത്സരങ്ങളിലും സഞ്ജു കളിക്കുമെന്നതിനാല്‍ ഈ സീസണില്‍ സഞ്ജു 500 റണ്‍സ് പിന്നിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 161 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 4273 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 3 സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. 119 റണ്‍സാണ് സഞ്ജുവിന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍