പാളിയത് സഞ്ജുവിന്റെ തന്ത്രങ്ങളോ?

Webdunia
തിങ്കള്‍, 30 മെയ് 2022 (08:13 IST)
ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റത് മലയാളി ആരാധകരെ സംബന്ധിച്ചിടുത്തോളം വലിയ വേദനയാണ്. മലയാളിയായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത് കാണാന്‍ വലിയ പ്രതീക്ഷയോടെയാണ് മലയാളി ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ സഞ്ജുവിനും സംഘത്തിനും കാലിടറി. 
 
നായകന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ പാളിയതാണോ ഫൈനലിലെ തോല്‍വിക്ക് കാരണമെന്ന് പല കോണുകളില്‍ നിന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം എല്ലാവരേയും ഞെട്ടിച്ചു. ഐപിഎല്ലില്‍ കൂറ്റന്‍ സ്‌കോറുകള്‍ പോലും പിന്തുടര്‍ന്ന് ജയിക്കുന്നത് പതിവ് കാഴ്ചയായപ്പോഴാണ് ഫൈനലില്‍ സഞ്ജു ടോസ് കിട്ടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്തത്. 
 
ടോസ് ലഭിച്ചാല്‍ എതിര്‍ ടീമിനെ ബാറ്റിങ്ങിന് അയക്കാന്‍ ഇഷ്ടപ്പെടുന്ന ടീമാണ് രാജസ്ഥാന്‍. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ടോസ് ലഭിച്ചിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു രാജസ്ഥാന്‍ നായകന്‍. ആ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നു. ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കി രാജസ്ഥാന്‍ അത് പിന്തുടര്‍ന്ന് ജയിച്ചു. അത് തന്നെ ഫൈനലിലും ആവര്‍ത്തിക്കുമെന്ന് ടോസ് കിട്ടിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ, സഞ്ജു ആദ്യം ബാറ്റ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ പകച്ചു. ഈ തീരുമാനം ഫൈനലിലെ തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. 
 
12.1 ഓവറില്‍ 79 റണ്‍സിന് രാജസ്ഥാന്റെ നാല് വിക്കറ്റുകള്‍ നഷ്ടമായതാണ്. ഇത്തവണ പരീക്ഷണങ്ങള്‍ക്ക് സഞ്ജു തയ്യാറായില്ല. മൂന്നാമതും നാലാമതും രവിചന്ദ്രന്‍ അശ്വിനെ പരീക്ഷിച്ചു ജയിച്ച തന്ത്രങ്ങള്‍ സഞ്ജു ഇത്തവണ മറന്നു. തുടക്കത്തില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ അശ്വിനെ കാവല്‍ക്കാരനായി ഇറക്കി വിടാമായിരുന്നു. നേരത്തെ അത് വിജയം കണ്ട തന്ത്രം കൂടിയാണ്. എന്നാല്‍, ഫൈനലില്‍ സഞ്ജു അതിനു തയ്യാറായില്ല. ആറാമനായാണ് അശ്വിന്‍ ഫൈനലില്‍ ക്രീസിലെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article