Mumbai Indians: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ മലര്‍ത്തിയടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
രോഹിത് ശര്‍മ സെഞ്ചുറി നേടിയിട്ടും മുംബൈ തോല്‍വി വഴങ്ങിയത് ആരാധകരെ വിഷമിപ്പിച്ചു. 63 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താകാതെ 105 റണ്‍സാണ് രോഹിത് നേടിയത്. തിലക് വര്‍മ 20 പന്തില്‍ 31 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മുംബൈയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മതീഷ പതിരാണയാണ് കളിയിലെ താരം.
ഐപിഎല്‍ പോയിന്റ് ടേബിളില്‍ എട്ടാമതാണ് മുംബൈ ഇപ്പോള്‍. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് തോല്‍വിയും രണ്ട് ജയവുമാണ് മുംബൈ നേടിയിരിക്കുന്നത്. ആറില്‍ അഞ്ച് ജയവുമായി രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാമത്. അഞ്ച് കളികളില്‍ നാലിലും ജയിച്ച കൊല്‍ക്കത്ത രണ്ടാം സ്ഥാനത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നീ ടീമുകളാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. ആറ് കളികളില്‍ അഞ്ചിലും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്താണ്.