റിഷഭ് പന്ത് ലഖ്‌നൗ നായകനാകും

രേണുക വേണു
തിങ്കള്‍, 25 നവം‌ബര്‍ 2024 (10:50 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ റിഷഭ് പന്ത് നയിക്കും. മെഗാ താരലേലത്തില്‍ 27 കോടി ചെലവഴിച്ചാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. കെ.എല്‍.രാഹുല്‍ ഫ്രാഞ്ചൈസി വിട്ട സാഹചര്യത്തില്‍ നായകന്‍, വിക്കറ്റ് കീപ്പര്‍ ചുമതലകളിലേക്ക് ഒരു ഇന്ത്യന്‍ താരത്തെ വേണമെന്ന നിലപാടിലായിരുന്നു ലഖ്‌നൗ. ഇക്കാരണത്താലാണ് റിഷഭ് പന്തിനായി വലിയ തുക മുടക്കാന്‍ ലഖ്‌നൗ തയ്യാറായത്. 
 
റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരായിരുന്നു ലഖ്‌നൗവിന്റെ പദ്ധതികളില്‍ ഉണ്ടായിരുന്നത്. ശ്രേയസിനെ വന്‍ തുക മുടക്കി സ്വന്തമാക്കാന്‍ പഞ്ചാബ് തയ്യാറാണെന്നു മനസിലായതോടെ റിഷഭ് പന്തിലേക്ക് മാത്രമായി ലഖ്‌നൗവിന്റെ നോട്ടം. 30 കോടി ആണെങ്കിലും പന്തിനു വേണ്ടി ചെലവാക്കാന്‍ ലഖ്‌നൗ തയ്യാറായിരുന്നു. ഉടന്‍ തന്നെ പന്തിനെ ക്യാപ്റ്റനായി ലഖ്‌നൗ ഔദ്യോഗികമായി പ്രഖ്യാപിക്കും. 
 
റൈറ്റ് ടു മാച്ച് ഓപ്ഷന്‍ മറികടന്നാണ് ലഖ്‌നൗവിന് പന്തിനെ ലഭിച്ചത്. ലേലത്തില്‍ 20.75 കോടിക്കാണ് ലഖ്‌നൗ പന്തിനെ അവസാനം വിളിച്ചത്. ആ സമയത്താണ് റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചത്. ഡല്‍ഹി ചുരുങ്ങിയത് 25 കോടിയെങ്കിലും പന്തിനായി മുടക്കാന്‍ തയ്യാറാകുമെന്ന് മനസിലാക്കിയ ലഖ്‌നൗ 20.75 കോടിയില്‍ നിര്‍ത്തിയത് ഒറ്റയടിക്ക് 27 കോടി ആക്കുകയായിരുന്നു. എന്നാല്‍ 27 കോടിക്ക് റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉപയോഗിച്ച് പന്തിനെ നിലനിര്‍ത്താന്‍ ഡല്‍ഹി തയ്യാറായില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article