Sanju Samson: രാജസ്ഥാന് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി ക്രിക്കറ്റ് ആരാധകര്‍. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു നില്‍ക്കുന്ന രാജസ്ഥാന്റെ കരുത്ത് സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയാണെന്ന് ആരാധകര്‍ പറയുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു നടപ്പിലാക്കിയ പല തീരുമാനങ്ങളും ഗോട്ട് ലെവല്‍ ക്യാപ്റ്റന്‍സിയുടെ ഉദാഹരണങ്ങളാണെന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് ആയപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും നഷ്ടമായി. എന്നിട്ടും 185 എന്ന മികച്ച ടോട്ടലിലേക്ക് ടീം എത്തിയത് സഞ്ജുവിന്റെ ഇടപെടല്‍ കാരണമാണ്. ഫിനിഷര്‍ റോളില്‍ മാത്രം പരീക്ഷിച്ചിരുന്ന റിയാന്‍ പരാഗിനെ നാലാം നമ്പറില്‍ ഇറക്കിയത് സഞ്ജുവാണ്. ശ്രദ്ധയോടെ കളിച്ച് പിന്നീട് കുറ്റന്‍ അടികള്‍ക്ക് ശ്രമിക്കുകയായിരുന്നു പരാഗ്. ഇതാണ് രാജസ്ഥാന്റെ ഇന്നിങ്‌സിനു കരുത്തായത്. 45 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്ന പരാഗാണ് കളിയിലെ താരം. തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ അഞ്ചാമനായി ഇറക്കിയ സഞ്ജുവിന്റെ തന്ത്രവും ഫലം കണ്ടു. 19 പന്തില്‍ 29 റണ്‍സാണ് അശ്വിന്‍ നേടിയത്.
ബൗളിങ്ങിലേക്ക് വന്നാലും സഞ്ജു എത്ര ബ്രില്യന്റ് ആയാണ് ക്യാപ്റ്റന്‍സി വിനിയോഗിച്ചതെന്ന് കാണാന്‍ സാധിക്കും. നാന്ദ്രേ ബര്‍ജറിനെ ഇംപാക്ട് പ്ലെയര്‍ ആയി ഉപയോഗിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ച മിച്ചല്‍ മാര്‍ഷിനെ ബര്‍ജര്‍ ബൗള്‍ഡ് ആക്കി. മൂന്നാമനായി ക്രീസിലെത്തിയ റിക്കി ഭുയിയെയും ബര്‍ജര്‍ തന്നെയാണ് മടക്കിയത്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ മൂന്ന് ഓവര്‍ ഉപയോഗിച്ചതും വിദഗ്ധമായാണ്. ബാറ്റിങ്ങില്‍ താളം കണ്ടെത്തി കൊണ്ടിരിക്കുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെ ചഹലിനെ ബോളില്‍ മികച്ചൊരു അപ് ടു ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി.
ട്രെന്‍ഡ് ബോള്‍ട്ടിനു ഒരു ഓവര്‍ ബാക്കിയുണ്ടായിട്ടും ആവേശ് ഖാനെ അവസാന ഓവര്‍ ഏല്‍പ്പിക്കാനുള്ള സഞ്ജുവിന്റെ തീരുമാനവും ലക്ഷ്യം കണ്ടു. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് പ്രതിരോധിക്കേണ്ടിയിരുന്നത്. തകര്‍പ്പന്‍ അടികളിലൂടെ ഡല്‍ഹിക്ക് വിജയപ്രതീക്ഷ നല്‍കിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ക്രീസില്‍ ഉണ്ടായിരുന്നിട്ടും ആവേശ് ഖാന്‍ അവസാന ഓവറില്‍ വിട്ടുകൊടുത്തത് വെറും നാല് റണ്‍സാണ്. ഗ്രൗണ്ടില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി ടീമിനെ ജയിപ്പിക്കുന്നത് ധോണിയാണെങ്കില്‍ പുകഴ്ത്താന്‍ ഒരുപാട് പേരുണ്ടാകും. ഇതിപ്പോള്‍ സഞ്ജു ആയതുകൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.