Rajasthan Royals: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത് റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ചുറിയാണ്. 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സ് നേടിയ പരാഗാണ് കളിയിലെ താരം. എട്ടാം ഓവറില്‍ 36-3 എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ പരാഗ് ഒറ്റയ്ക്കു ചുമലിലേറ്റുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജുറൈല്‍ (12 പന്തില്‍ 20), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (ഏഴ് പന്തില്‍ പുറത്താകാതെ 14) എന്നിവര്‍ പരാഗിന് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (34 പന്തില്‍ 49), മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ചതാണ്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (23 പന്തില്‍ പുറത്താകാതെ 44) പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. രാജസ്ഥാന് വേണ്ടി നാന്ദ്രേ ബര്‍ജര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആവേശ് ഖാന് ഒരു വിക്കറ്റ്.
രണ്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടിലും ജയിച്ച് രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒന്നാം സ്ഥാനത്ത്.