ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിര നടന്ന മത്സരത്തില്‍ മോശം പ്രകടനമായിരുന്നു ഗുജറാത്ത് ബൗളറായ മോഹിത് ശര്‍മയുടേത്. സ്ലോവറുകള്‍ കൊണ്ട് ബാറ്ററെ കമ്പളിപ്പിക്കുന്ന മോഹിത്തിന് ഇന്നലെ റിഷഭ് പന്തിനെതിരെ എല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു കാണാനായത്. 4 ഓവറുകള്‍ എറിഞ്ഞ താരം 73 റണ്‍സാണ് ഇന്നലെ വിട്ടുകൊടുത്തത്. മോഹിത്തിന്റെ അവസാന ഓവറില്‍ മാത്രം 31 റണ്‍സാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത് അടിച്ചെടുത്തത്. 4 സിക്‌സും ഒരു ഫോറുമായിരുന്നു ഫൈനല്‍ ഓവറില്‍ പിറന്നത്.
മോഹിത്തിനെതിരെ പന്ത് അഴിഞ്ഞാട്ടം നടത്തിയത് ഒരു തരത്തില്‍ ആശ്വാസമായത് മലയാളി താരമായ ബേസില്‍ തമ്പിയ്ക്കാണ്. ഐപിഎല്ലില്‍ ഒരു ഇന്നിങ്ങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ റെക്കോര്‍ഡ് ബേസിലിന്റെ പേരിലായിരുന്നു. 2018ല്‍ ഹൈദരാബാദ് താരമായിരുനു ബേസില്‍ തമ്പി ആര്‍സിബിക്കെതിരെ നാലോവറില്‍ 70 റണ്‍സ് വഴങ്ങിയിരുന്നു. ഈ റെക്കോര്‍ഡാണ് മോഹിത് മറികടന്നത്. യഷ് ദയാലാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഗുജറാത്ത് താരമായിരുന്ന യഷ് ദയാലിനെ കൊല്‍ക്കത്ത താരമായ റിങ്കു സിംഗാണ് കടന്നാക്രമിച്ചത്.