ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആര് വിക്കറ്റ് കീപ്പറാകണമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ നിലവിലെ യുവതാരങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയാണ് ആർസിബിയുടെ വിക്കറ്റ് കീപ്പർ താരമായ ദിനേഷ് കാർത്തിക്. നിലവിൽ റൺവേട്ടയിൽ മലയാളി താരമായ സഞ്ജു സാംസണും ഡൽഹി ക്യാപ്പിറ്റൽസ് നായകനായ റിഷഭ് പന്തുമാണ് മുന്നിലുള്ളത്. ജിതേഷ് ശർമയും ഇഷാൻ കിഷനുമെല്ലാം പരിഗണനയിലുള്ള താരമാണെങ്കിലും കെ എൽ രാഹുലും ഇവർക്ക് വെല്ലിവിളി ഉയർത്തുന്നുണ്ട്.
ഇതിനിടയാണ് ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങൾ വഴി സീനിയർ താരമായ ദിനേഷ് കാർത്തികും സെലക്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഹൈദരാബാദിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് കാർത്തിക്കിൻ്റെ പേര് ലോകകപ്പ് ടീം പരിഗണനയിലേക്ക് കൊണ്ടുവന്നത്. നേരത്തെ ഇതിന് സമാനമായി ഐപിഎല്ലിലെ പ്രകടനമികവിൽ 2022ലെ ടി20 ലോകകപ്പ് ടീമിലെത്താനായെങ്കിലും ലോകകപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കാർത്തിക്കിന് സാധിച്ചിരുന്നില്ല.
ഇപ്പോൾ ലോകകപ്പിൽ കളിക്കുന്നതിനെ പറ്റി കാർത്തിക് പറയുന്നത് ഇങ്ങനെ. എൻ്റെ ജീവിതത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് വലിയ കാര്യമാണ്. ലോകകപ്പ് കളിക്കാൻ എനിക്ക് വളരെയേറെ താത്പര്യമുണ്ട്. ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതിലും വലുതായി മറ്റൊന്നും എൻ്റെ ജീവിതത്തിലില്ല. എന്നാൽ അതൊന്നും തീരുമാനിക്കുന്നത് ഞാനല്ല. നായകൻ രോഹിത് ശർമ,ചീഫ് സെലക്ടർ അജിത് അഗാർക്കർ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരാണ്. അവർ തീരുമാനിക്കട്ടെ. അവരെടുക്കുന്ന ഏത് തീരുമാനവും ഞാൻ മാനിക്കുന്നു. ഞാൻ എൻ്റെ 100 ശതമാനവും നൽകാൻ തയ്യാറാണ്. ലോകകപ്പ് ടീമിൽ ഉൾപ്പെടാനായി ചെയ്യാവുന്നതെല്ലാം ചെയ്യും. കാർത്തിക് പറഞ്ഞു.