ഇന്നലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വലിയ തോതിലുള്ള അക്രമണമാണ് ഹൈദരാബാദ് അഴിച്ചുവിട്ടത്. പവര്‍പ്ലേയില്‍ തന്നെ ടീം സ്‌കോര്‍ കടന്നപ്പോള്‍ 300 എന്ന മാന്ത്രിക സംഖ്യ പോലും ഹൈദരാബാദിന് നിസാരമായിരുന്നു. ഓപ്പണര്‍മാര്‍ക്ക് പുറമെ പിന്നീട് ഇറങ്ങിയ എയ്ഡന്‍ മാര്‍ക്രം, ക്ലാസന്‍ എന്നിവര്‍ ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. എങ്കിലും ഡല്‍ഹിക്കെതിരെ 266 റണ്‍സ് അടിച്ചെടുക്കാന്‍ ഹൈദരാബാദിനായി. ഈ ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് ആര്‍സിബിയുടെ റെക്കോര്‍ഡ് നേട്ടം ഹൈദരാബാദ് മറികടക്കുന്നത്.
മുംബൈ ഇന്ത്യന്‍സിനെതിരെ 3 വിക്കറ്റിന് 277 റണ്‍സ് അടിച്ചെടുത്തുകൊണ്ടാണ് ഹൈദരാബാദ് ആദ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആര്‍സിബിക്കെതിരെ 287 അടിച്ചെടുത്തുകൊണ്ട് വീണ്ടും ഹൈദരാബാദ് തന്നെ റെക്കോര്‍ഡ് തിരുത്തി. ഇന്നലെയും 287 എന്ന സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള അവസരം ഹൈദരാബാദിന് മുന്നിലുണ്ടായിരുന്നു. 32 പന്തില്‍ നിന്നും 89 റണ്‍സുമായി ട്രാവിസ് ഹെഡും 12 പന്തില്‍ 46 റണ്‍സുമായി അഭിഷേക് ശര്‍മയും പുറത്തായതിന് പിന്നാലെ വിക്കറ്റുകള്‍ വീണതോടെയാണ് ഹൈദരാബാദ് സ്‌കോറിംഗിന് വേഗത കുറഞ്ഞത്. എന്നാല്‍ പിന്നീടെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി, ഷഹബാസ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സ്‌കോറിംഗ് ഉയര്‍ത്തുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തോടെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന അഞ്ച് സ്‌കോറുകളില്‍ മൂന്നെണ്ണവും ഹൈദരാബാദിന്റെ പേരിലായി.