Mohammed Siraj: 'എന്നാലും എന്റെ സിറാജേ, നിന്നെ വളര്‍ത്തിയ മണ്ണാണ് ഇത്'; തോല്‍വിക്കു പിന്നാലെ സങ്കടം പറഞ്ഞ് ആര്‍സിബി ഫാന്‍സ്

രേണുക വേണു
വ്യാഴം, 3 ഏപ്രില്‍ 2025 (11:27 IST)
Mohammed Siraj

Mohammed Siraj: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു എട്ടിന്റെ പണി കൊടുത്ത് മുഹമ്മദ് സിറാജ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു എട്ട് വിക്കറ്റിനാണ് ആതിഥേയരായ ആര്‍സിബി തോല്‍വി വഴങ്ങിയത്. മുന്‍ ആര്‍സിബി താരവും ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയുമായ മുഹമ്മദ് സിറാജാണ് കളിയിലെ താരം. 
 
സിറാജിനു രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നുകൊടുത്തത് ആര്‍സിബിയിലെ മികച്ച പ്രകടനങ്ങളാണ്. ആര്‍സിബി വിട്ടെങ്കിലും ബെംഗളൂരുവില്‍ ഇപ്പോഴും സിറാജിനു ആരാധകരുണ്ട്. അതുകൊണ്ട് തന്നെ സിറാജ് ആര്‍സിബിക്കെതിരെ പന്തെറിയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു മുന്നിലാണ് സിറാജ് നിറഞ്ഞാടിയത്. 

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി സിറാജ് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളാണ്. ചിന്നസ്വാമിയിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. ഓപ്പണര്‍ വിരാട് കോലി പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ വണ്‍ഡൗണ്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. മികച്ച ഫോമില്‍ ബാറ്റിങ് ആരംഭിച്ച ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തി സിറാജ് വീണ്ടും ഞെട്ടിച്ചു. സാള്‍ട്ട് 105 മീറ്റര്‍ സിക്സര്‍ പറത്തിയതിനു പിന്നാലെയാണ് സിറാജിന്റെ ഞെട്ടിക്കുന്ന തിരിച്ചുവരവ്. സിറാജിന്റെ പന്തില്‍ സാള്‍ട്ട് ക്ലീന്‍ ബൗള്‍ഡ്, അതും ഓഫ് സ്റ്റംപ് തെറിച്ചുപോയി ! ഈ വിക്കറ്റിനു ശേഷം സിറാജ് നടത്തിയ ആഘോഷപ്രകടനവും ആര്‍സിബി ആരാധകരുടെ നെഞ്ചത്ത് ആണിയടിക്കുന്നതിനു തുല്യമായിരുന്നു. തന്റെ നാലാം ഓവറില്‍ ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ ലിയാം ലിവിങ്സ്റ്റണിനെയും സിറാജ് പുറത്താക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article