Mitchell Starc: കോലിക്കൊപ്പം എത്താന്‍ നൂറ് റണ്‍സ് പോലും വേണ്ട ! 24 കോടി വെള്ളത്തിലായെന്ന് കൊല്‍ക്കത്ത ആരാധകര്‍; സ്റ്റാര്‍ക്കിന് ട്രോള്‍

രേണുക വേണു
തിങ്കള്‍, 22 ഏപ്രില്‍ 2024 (11:12 IST)
Mitchell Starc

Mitchell Starc: ഐപിഎല്‍ 2024 സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്. ഞായറാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ വെറും മൂന്ന് ഓവറില്‍ 55 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. അതായത് 20 നു അടുത്താണ് ഇക്കോണമി റേറ്റ് ! ഒന്‍പതാമനായി ക്രീസിലെത്തിയ ആര്‍സിബി താരം കരണ്‍ ശര്‍മ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുകള്‍ അടിച്ചു. 
 
സ്റ്റാര്‍ക്കിനെ ഇനിയുള്ള മത്സരങ്ങള്‍ കളിപ്പിക്കരുതെന്നാണ് കൊല്‍ക്കത്ത ആരാധകര്‍ പറയുന്നത്. 24.75 കോടിക്കാണ് താരലേലത്തില്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ഈ പണമുണ്ടായിരുന്നെങ്കില്‍ മൂന്ന് ബൗളര്‍മാരെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്കു കഴിയുമായിരുന്നെന്നും ആരാധകര്‍ പറയുന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുമ്പോള്‍ കാണിക്കുന്നതിന്റെ പത്തിലൊന്ന് ആത്മാര്‍ഥത പോലും കൊല്‍ക്കത്തയ്ക്കായി സ്റ്റാര്‍ക്ക് കാണിക്കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 287 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തത്. എറിഞ്ഞത് വെറും 150 പന്തുകള്‍ മാത്രം. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 11.48 ആണ് ഇക്കോണമി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിരിക്കുന്ന ബാറ്റര്‍ ആര്‍സിബിയുടെ വിരാട് കോലിയാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 379 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതിനേക്കാള്‍ നൂറ് റണ്‍സ് പോലും കുറവില്ല സ്റ്റാര്‍ക്ക് വിട്ടുകൊടുത്ത റണ്‍സ് ! റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തുള്ള സുനില്‍ നരെയ്ന്‍ പോലും ഏഴ് കളികളില്‍ നിന്ന് 286 റണ്‍സാണ് നേടിയിരിക്കുന്നത്. അതായത് സ്റ്റാര്‍ക്ക് വിട്ടുകൊടുത്തതിനേക്കാള്‍ ഒരു റണ്‍സ് കുറവ് ! ഇങ്ങനെയൊരു ബൗളറെ കൊല്‍ക്കത്ത ഇനിയും പിന്തുണയ്ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article