Phil Salts: ആർസിബിയുടെ മേലെ ഉപ്പ് പുരട്ടി സാൾട്ട് മടങ്ങി, നാലോവറിൽ 50 കടന്ന് കൊൽക്കത്ത

അഭിറാം മനോഹർ

ഞായര്‍, 21 ഏപ്രില്‍ 2024 (16:06 IST)
Phil Salts,KKR
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തിലും തല്ലു വാങ്ങി ആര്‍സിബി ബൗളിംഗ് നിര. ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത ആര്‍സിബിക്ക് പതിവ് പോലെ ബാറ്റര്‍മാരില്‍ നിന്നും കടുത്ത പ്രഹരമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കൊല്‍ക്കത്തയുടെ വമ്പനടിക്കാരനായ സുനില്‍ നരെയ്‌നെ പ്രതിരോധിക്കാനായെങ്കിലും ആ കുറവ് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് പരിഹരിച്ചതോടെ ടീം സ്‌കോര്‍ നാലോവറില്‍ 50 കടന്നു.
 
14 പന്തില്‍ നിന്നും 3 സിക്‌സറും 7 ബൗണ്ടറികളും ഉള്‍പ്പടെ 48 റണ്‍സാണ് ഫില്‍ സാള്‍ട്ട് അടിച്ചുകൂട്ടിയത്. ഒരറ്റത്ത് സുനില്‍ നരെയ്ന്‍ തളയ്ക്കപ്പെട്ടെങ്കിലും കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചത് സാള്‍ട്ടിന്റെ മികവിലായിരുന്നു. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ നാലാം ഓവറില്‍ 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സാണ് സാള്‍ട്ട് അടിച്ചുകൂട്ടിയത്. ഹൈദരാബാദിനെ പോലെ ശക്തമായ ബാറ്റിംഗ് നിരയാണ് കൊല്‍ക്കത്തയ്ക്കുള്ളത്. റിങ്കു സിംഗ് കഴിഞ്ഞ് രമണ്‍ദീപ് സിംഗ് വരെ ഹിറ്റര്‍മാരുള്ളതിനാല്‍ തന്നെ വമ്പന്‍ സ്‌കോറാണ് ഇന്നത്തെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍