ICC No Ball Law: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി പുറത്തായതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിലര്‍ കോലിയുടേയത് ഔട്ടല്ലെന്ന് വാദിക്കുമ്പോള്‍ മറ്റു ചിലര്‍ നിയമപരമായി അത് ഔട്ട് തന്നെയാണെന്ന് തറപ്പിച്ചു പറയുന്നു. കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണയുടെ ഫുള്‍ ടോസ് ബോളില്‍ ഡയറക്ട് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 18 റണ്‍സാണ് കോലി നേടിയത്.
ഹര്‍ഷിത് റാണയുടെ പന്ത് ഒറ്റനോട്ടത്തില്‍ കോലിയുടെ അരക്കെട്ടിനു മുകളിലേക്കാണ് എത്തിയത്. ഏകദേശം നെഞ്ചിനോട് ചേര്‍ന്നാണ് കോലി ആ പന്ത് പിക്ക് ചെയ്തത്. നോ ബോള്‍ ആണെന്ന് ഉറപ്പിച്ചാണ് കോലി ആ പന്തിനെ നേരിട്ടത് തന്നെ. എന്നാല്‍ ഹര്‍ഷിത് റാണ ഡയറക്ട് ക്യാച്ചെടുക്കുകയും അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു. ഇത് കോലിയെ പ്രകോപിപ്പിച്ചു. അത് നോ ബോള്‍ ആണെന്ന് പറഞ്ഞ കോലി ഡിആര്‍എസ് ആവശ്യപ്പെട്ടു. തേര്‍ഡ് അംപയറും ആ ബോള്‍ നിയമവിധേയമാണെന്ന് വിധിയെഴുതി. തേര്‍ഡ് അംപയറുടെ തീരുമാനത്തിനു ശേഷവും കോലി നോ ബോള്‍ ആണെന്ന് വാദിക്കുകയും ഓണ്‍ ഫീല്‍ഡ് അംപയറോട് ചൂടാകുകയും ചെയ്തു. ഏറെ നിരാശനായാണ് ഒടുവില്‍ കോലി കളം വിട്ടത്.
ഐസിസിയുടെ 41.7.1 നിയമത്തിലാണ് അരയ്ക്കു മുകളിലുള്ള നോ ബോളിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ഹര്‍ഷിത് റാണയുടെ പന്ത് നേരിടുമ്പോള്‍ കോലി പോപ്പിങ് ക്രീസിനു പുറത്തായിരുന്നു. വിക്കറ്റിലേക്കുള്ള ബോള്‍ ലാന്‍ഡിങ് പരിഗണിച്ചാണ് അരയ്ക്കു മുകളിലുള്ള നോ ബോള്‍ ഇപ്പോള്‍ അനുവദിക്കുക. ഐപിഎല്ലിലെ ബോള്‍ ട്രാക്കിങ് ടെക്‌നോളജി പ്രകാരം ഓരോ ബാറ്ററുടെയും സാധാരണ സ്റ്റാന്‍ഡിങ്ങിലുള്ള അരക്കെട്ട് ഉയരം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അരക്കെട്ടിനു മുകളിലുള്ള നോ ബോളിനു വേണ്ടി റിവ്യു ചെയ്യുമ്പോള്‍ ഇത് ഉപയോഗിക്കും. അപ്രകാരമാണ് കോലിക്കെതിരെ ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് നിയമവിധേയമാണെന്ന് തേര്‍ഡ് അംപയറും വിധിച്ചത്.