റബാഡ ഉപയോഗിച്ചത് കൊക്കെയ്ൻ , വാർത്ത പുറത്തുവിട്ട് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ

അഭിറാം മനോഹർ

തിങ്കള്‍, 12 മെയ് 2025 (13:36 IST)
ഉത്തേജക മരുന്ന് ഉപയോഗ വിലക്കിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ഉപയോഗിച്ചത് കൊക്കെയ്‌നെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍. ഈ തലമുറയിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന റബാഡ എസ്എ 20 മത്സരത്തിന് മുന്‍പായാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ലെ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ കളിക്കുന്ന റബാഡ സീസണ്‍ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഐപിഎല്‍ വിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് ഫ്രാഞ്ചൈസി അറിയിച്ചിരുന്നത്.
 
മെയ് 5ന് ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ശേഷം താരം ഐപിഎല്ലിലേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പരിശോധനയിലാണ് നിരോധിത ലഹരി പദാര്‍ഥം ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് എല്ലാ തരത്തിലുള്ള ക്രിക്കറ്റുകളില്‍ നിന്നും താരത്തെ വിലക്കിയിരുന്നു. ഉത്തേജക മരുന്ന് പരിശോധനയില്‍ പോസിറ്റീവാണെന്നും അതിനെ തുടര്‍ന്ന് താന്‍ താത്കാലിക സസ്‌പെന്‍ഷന്‍ അനുഭവിക്കുകയാണെന്നും കഗിസോ റബാഡ സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഏത് ഉത്തേജക പദാര്‍ഥമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. കളിക്കളത്തില്‍ മടങ്ങിയെത്താന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അതിനായുള്ള കഠിനാധ്വാനത്തിലാണെന്നും റബാഡ പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും താരം നന്ദി അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍