വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി പുതിയ നായകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സിനെയാണ് ഹൈദരാബാദ് നായകനാക്കി പ്രഖ്യാപിച്ചത്. ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി മുടക്കിയാണ് പാറ്റ് കമ്മിന്‍സിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ സണ്‍റൈസേഴ്‌സ് കേപ്ടൗണിനായി 2 തവണ കിരീടം നേടിയ നായകനാണ് എയ്ഡന്‍ മാര്‍ക്രമെങ്കിലും കഴിഞ്ഞ തവണ നായകനായി ഹൈദരബാദിനായി തിളങ്ങാന്‍ താരത്തിനായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ കിരീടനേട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്രം ഐപിഎല്ലിലും നായകനാകുമെന്നാണ് ആരാധകരും കരുതിയിരുന്നത്.
കഴിഞ്ഞ 3 സീസണുകളില്‍ ഹൈദരാബാദിനെ നയിക്കാനെത്തുന്ന മൂന്നാമത്തെ നായകനാണ് പാറ്റ് കമ്മിന്‍സ്. 2022ല്‍ കെയ്ല്‍ വില്യംസണും കഴിഞ്ഞ സീസണില്‍ എയ്ഡന്‍ മാര്‍ക്രവുമായിരുന്നു ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയയെ ഏകദിന ലോകകപ്പില്‍ വിജയത്തിലെത്തിച്ചതാണ് കമ്മിന്‍സിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. ഇക്കുറി ട്രാവിസ് ഹെഡും ഹസരങ്കയുമെല്ലാം ഹൈദരബാദ് നിരയിലുണ്ട്. മാര്‍ച്ച് 23ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സീസണില്‍ ഹൈദരബാദിന്റെ ആദ്യ മത്സരം.