ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയം, 100 കോടിയ്ക്ക് മുകളിൽ ഇന്ത്യക്കാരെ നിശബ്ദരാക്കിയ ലോകകപ്പ് ഫൈനൽ, 2023ലെ ഐസിസി ക്രിക്കറ്ററായി പാറ്റ് കമ്മിൻസ്

അഭിറാം മനോഹർ

വെള്ളി, 26 ജനുവരി 2024 (09:47 IST)
2023ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്. ആഷസ് പരമ്പര നിലനിര്‍ത്തിയതും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതും ഓസീസിനെ ആറാം തവണയും ഏകദിനത്തില്‍ ലോകജേതാക്കളാക്കിയതുമാണ് കമ്മിന്‍സിനെ 2023ലെ മികച്ച താരമാക്കിയത്. കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും കമ്മിന്‍സ് തൊട്ടതെല്ലാം പൊന്നാക്കിയ വര്‍ഷമായിരുന്നു 2023. 2023ല്‍ 422 റണ്‍സും 24 മത്സരങ്ങളില്‍ നിന്നും 59 വിക്കറ്റുകളും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു. ട്രാവിസ് ഹെഡ്, വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരെ മറികടന്നാണ് കമ്മിന്‍സിന്റെ നേട്ടം.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര ഇന്ത്യയ്ക്ക് അടിയറവ് പറഞ്ഞുകൊണ്ടാണ് 2023ന് കമ്മിന്‍സ് തുടക്കമിട്ടതെങ്കിലും അതേവര്‍ഷം ഓവലില്‍ നടന്ന ലോക ടെസ്റ്റ് ലോകകപ്പ് കിരീടം ഇന്ത്യയെ പരാജയപ്പെടുത്തികൊണ്ട് സ്വന്തമാക്കാന്‍ കമ്മിന്‍സിനായി. പിന്നാലെ നടന്ന ആഷസ് പരമ്പരയും നിലനിര്‍ത്താനായി.ടെസ്റ്റ് ക്രിക്കറ്റില്‍ പ്രധാന ബൗളറായും ഏകദിനത്തില്‍ പലപ്പോഴും ലോവര്‍ ഓര്‍ഡറിലെ വിശ്വസ്ത ബാറ്ററായും കമ്മിന്‍സ് തിളങ്ങി.ലോകകപ്പ് ഫൈനലില്‍ ലക്ഷങ്ങള്‍ വരുന്ന ഇന്ത്യന്‍ കാണികളെ നിശബ്ദരാക്കുമെന്ന് കമ്മിന്‍സ് പറയുകയും വിരാട് കോലിയുടെ വിക്കറ്റ് സ്വന്തമാക്കി അത് തെളിയിക്കുകയും ചെയ്തു. ലോക കിരീടം കൂടി സ്വന്തമാക്കിയതോടെയാണ് 2023ലെ മികച്ച താരമായി കമ്മിന്‍സ് മാറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍