IPL Play off 2024 Chances: ഈ പോക്ക് വന്‍ ത്രില്ലറിലേക്ക് ! പത്താം സ്ഥാനത്ത് കിടക്കുന്ന ആര്‍സിബിക്ക് വരെ പ്ലേ ഓഫ് സാധ്യത

രേണുക വേണു

വ്യാഴം, 2 മെയ് 2024 (10:14 IST)
IPL Play off 2024 Chances: ഏതൊക്കെ ടീമുകള്‍ ഐപിഎല്‍ പ്ലേ ഓഫിലേക്ക് കയറും? എല്ലാ ടീമുകളുടേയും മിനിമം ഒന്‍പത് മത്സരങ്ങള്‍ കഴിഞ്ഞു. എന്നിട്ടും ആരൊക്കെ പ്ലേ ഓഫില്‍ എത്തുമെന്ന് ഉറപ്പ് പറയാറായിട്ടില്ല. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് കിടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വരെ പ്ലേ ഓഫിലേക്ക് കയറി വരാന്‍ സാധ്യതയുണ്ടെന്ന് അര്‍ത്ഥം ! 
 
ഒന്‍പത് കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ രാജസ്ഥാന് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാം. രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും 12 പോയിന്റ് വീതമുണ്ട്. ലഖ്‌നൗവിന് നാലും കൊല്‍ക്കത്തയ്ക്ക് അഞ്ചും മത്സരങ്ങള്‍ ശേഷിക്കുന്നു. ഇതില്‍ മൂന്ന് മത്സരങ്ങള്‍ എങ്കിലും ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പ്. 
 
നിലവിലെ സാഹചര്യത്തില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കയറാനാണ് മറ്റു ടീമുകള്‍ തമ്മില്‍ പോരാട്ടം നടക്കുക. നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് മുതല്‍ പത്താം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വരെ ലീഗ് ഘട്ടം കഴിയുമ്പോള്‍ 14 പോയിന്റ് ആകുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ മുന്‍പന്തിയിലുള്ള ടീം പ്ലേ ഓഫില്‍ കയറും. 14 പോയിന്റ് ആകണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കണം. ചെന്നൈയ്ക്ക് ആകട്ടെ ശേഷിക്കുന്ന നാല് കളികളില്‍ രണ്ട് ജയം മതി. അഞ്ചാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന് ശേഷിക്കുന്ന അഞ്ച് കളികളില്‍ രണ്ട് ജയം ലഭിച്ചാല്‍ 14 പോയിന്റ് ആകും. ഡല്‍ഹിക്ക് മൂന്ന് കളികളില്‍ രണ്ട് ജയവും പഞ്ചാബ്, ഗുജറാത്ത് എന്നിവര്‍ക്ക് നാല് കളികളില്‍ മൂന്ന് ജയവും മുംബൈയ്ക്ക് നാല് കളികളില്‍ നാല് ജയവും ആവശ്യമാണ് 14 പോയിന്റിലേക്ക് എത്താന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍