IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

രേണുക വേണു

ബുധന്‍, 1 മെയ് 2024 (10:39 IST)
IPL 2024: ഐപിഎല്‍ 2024 പ്ലേ ഓഫിനു അടുത്തെത്തിയിരിക്കുകയാണ്. എല്ലാ ടീമുകളുടെയും ഒന്‍പത് കളികള്‍ വീതം പൂര്‍ത്തിയായിട്ടുണ്ട്. ചില ടീമുകളുടെ പത്തും ഡല്‍ഹിയുടെ പതിനൊന്ന് കളിയും പൂര്‍ത്തിയായി. എന്നിട്ടും പ്ലേ ഓഫില്‍ നിന്ന് ഒരു ടീമും പൂര്‍ണമായി പുറത്തായെന്ന് പറയാറായിട്ടില്ല. ഒന്‍പത് കളികളില്‍ നിന്ന് എട്ട് ജയത്തോടെ 16 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. 
 
ഒന്‍പത് കളികളില്‍ നിന്ന് ആറ് ജയത്തോടെ കൊല്‍ക്കത്തയും പത്ത് കളികളില്‍ നിന്ന് ആറ് ജയത്തോടെ ലഖ്‌നൗവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ശേഷിക്കുന്ന കളികളില്‍ രണ്ട് ജയമെങ്കിലും സ്വന്തമാക്കിയാല്‍ ഇരു ടീമുകള്‍ക്കും 16 പോയിന്റാകും. അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ കൊല്‍ക്കത്തയും ലഖ്‌നൗവും പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധ്യത കൂടുതലാണ്. 
 
അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വരെ നിലവില്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും 14 പോയിന്റാകും. പ്ലേ ഓഫില്‍ കയറുന്ന ആദ്യ മൂന്ന് ടീമുകള്‍ 16 പോയിന്റോ അതില്‍ കൂടുതലോ സ്വന്തമാക്കുകയും മറ്റ് ടീമുകളെല്ലാം 14 പോയിന്റില്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഏത് ടീമിനും പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍