Delhi Capitals: മെഗാ താരലേലത്തിനു മുന്നോടിയായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ ധാരണയായി. പന്ത് തന്നെ നായകസ്ഥാനത്ത് തുടരും. പന്തിനെ നിലനിര്‍ത്താന്‍ തയ്യാറാണെന്നു ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ ഡല്‍ഹി വിടില്ലെന്ന നിലപാടിലായിരുന്നു പന്ത്.
ഡല്‍ഹി ഫ്രാഞ്ചൈസി സഹ ഉടമ കിരണ്‍ കുമാര്‍ ഗ്രാന്ധിയുമായി ദുബായില്‍ വെച്ച് പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ടീമില്‍ തുടരുന്ന കാര്യത്തില്‍ പന്തും ഡല്‍ഹി മാനേജ്‌മെന്റും തമ്മില്‍ ധാരണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിഷഭ് പന്തിനൊപ്പം ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തും. ഏതെങ്കിലും ഒരു വിദേശ താരത്തെ നിലനിര്‍ത്താനും ഡല്‍ഹി ആലോചിക്കുന്നുണ്ട്.
അതേസമയം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടിക ഒക്ടോബര്‍ 31 നു മുന്‍പ് എല്ലാ ഫ്രാഞ്ചൈസികളും ബിസിസിഐക്ക് സമര്‍പ്പിക്കണം. നവംബറില്‍ ആയിരിക്കും മെഗാ താരലേലം നടക്കുക.