Chennai Super Kings: എല്ലാ മേഖലകളിലും ആധിപത്യമുണ്ടെന്ന് ആരാധകര്‍ ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. ആദ്യ രണ്ട് കളികള്‍ ജയിച്ച ചെന്നൈ പിന്നീട് കളിച്ച രണ്ട് കളികളും തുടര്‍ച്ചയായി തോറ്റിരിക്കുകയാണ്.
ഹൈദരബാദിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹൈദരബാദ് മറുപടി ബാറ്റിങ്ങില്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം.
12 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 37 റണ്‍സ് നേടിയ അഭിഷേക് ഏഴ് റണ്‍സ് മാത്രം വഴങ്ങി ഓരോവര്‍ എറിയുകയും ചെയ്തു. 36 പന്തില്‍ 50 റണ്‍സ് നേടിയ ഏദന്‍ മാര്‍ക്രം ഹൈദരബാദിന്റെ ടോപ് സ്‌കോററായി. ട്രാവിസ് ഹെഡ് 24 പന്തില്‍ 31 റണ്‍സ് നേടി.
ചെന്നൈ ബാറ്റിങ് നിരയില്‍ ശിവം ദുബെ 24 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ അജിങ്ക്യ രഹാനെ 35 റണ്‍സും രവീന്ദ്ര ജഡേജ പുറത്താകാതെ 31 റണ്‍സും നേടി. ഹൈദരബാദിനുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷഹബാദ് അഹമ്മദ്, ജയദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഹോം ഗ്രൗണ്ടില്‍ കളിച്ച ആദ്യ രണ്ട് കളികളാണ് ചെന്നൈ ജയിച്ചത്. അതിനുശേഷം എവേ മാച്ചിലേക്ക് എത്തിയപ്പോള്‍ ഡല്‍ഹിയും ഹൈദരബാദും ചെന്നൈയെ വീഴ്ത്തി.