Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി

അഭിറാം മനോഹർ

തിങ്കള്‍, 31 മാര്‍ച്ച് 2025 (10:37 IST)
Jofra Archer
ഐപിഎല്‍ 2025 സീസണിലെ ആദ്യ 2 മത്സരങ്ങളിലെയും പാപക്കറ കഴുകുന്ന പ്രകടനവുമായി ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. സണ്‍റസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 70ല്‍ അധികം റണ്‍സാണ് നാലോവറില്‍ ആര്‍ച്ചര്‍ വിട്ടുനല്‍കിയിരുന്നത്. കരിയറിന്റെ തുടക്കകാലത്ത് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന ആര്‍ച്ചറെ നിരന്തരമായുള്ള പരിക്കുകളാണ് തളര്‍ത്തിയത്. എന്നാല്‍ ചെന്നൈയ്ക്കായുള്ള മത്സരത്തില്‍ പഴയ ആര്‍ച്ചറെയാണ് താരം ഓര്‍മിപ്പിച്ചത്.
 
 ഐപിഎല്ലിലെ ആദ്യ 2 മത്സരങ്ങള്‍ കഴിഞ്ഞതോടെ തല്ലുകൊള്ളിയെന്നും ചെണ്ടയെന്നും പരിഹസിക്കപ്പെട്ട ആര്‍ച്ചര്‍ ചെന്നൈയ്‌ക്കെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുക മാത്രമല്ല ചെന്നൈ ബാറ്റര്‍മാരെ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല.
 
 ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്കായി രചിന്‍ രവീന്ദ്രയും രാഹുല്‍ ത്രിപാഠിയുമാണ് ഓപ്പണര്‍മാരായി എത്തിയത്. പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ആദ്യ 3 പന്തിലും റണ്‍സ് നേടാന്‍ രചിന് സാധിച്ചില്ല. നാലാം ബോളില്‍ ധ്രുവ് ജുറലിന്റെ കൈകളില്‍ രചിനെ എത്തിച്ച് ആര്‍ച്ചര്‍ വിക്കറ്റ് വീഴ്ത്തി. ഓവറിലെ ശേഷിച്ച 2 പന്തുകളില്‍ ചെന്നൈ നായകനായ റുതുരാജ് ഗെയ്ക്ക്വാദിനും റണ്‍സ് നേടാനായില്ല. ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മെയ്ഡന്‍ ഓവര്‍ എന്ന റെക്കോര്‍ഡും ഇതോടെ ആര്‍ച്ചര്‍ സ്വന്തമാക്കി.
 
ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ നാലോവറില്‍ 76 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 2.3 ഓവറില്‍ 33 റണ്‍സും താരം വഴങ്ങിയിരുന്നു. ഇരുമത്സരങ്ങളിലും വിക്കറ്റ് നേടാനും ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍