നായകനായി ആദ്യ 2 കളികളിലും തോൽവി, അടുത്തതിലും തോറ്റാൽ സമ്പൂർണ്ണ തോൽവിയെന്ന നാണക്കേടും പരാഗിന് സ്വന്തം

അഭിറാം മനോഹർ

വ്യാഴം, 27 മാര്‍ച്ച് 2025 (13:17 IST)
Riyan Parag
കഴിഞ്ഞ 4 സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഐപിഎല്ലിനെത്തിയത് ടീമിലെ പല പ്രധാനതാരങ്ങളെയും കൈവിട്ടുകൊണ്ടാണ്. ജോസ് ബട്ട്ലര്‍ എന്ന അതികായനെ കൈവിട്ട രാജസ്ഥാന്‍ ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട്, അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെയും ലേലത്തില്‍ വിട്ടു. ബാറ്റിംഗ് യൂണിറ്റിനെ പൂര്‍ണമായും ഇന്ത്യന്‍ കോര്‍ ആക്കിമാറ്റിയ രാജസ്ഥാന്‍ ഫിനിഷറായി ഹെറ്റ്മയറെയാണ് നിലനിര്‍ത്തിയത്. അതിനാല്‍ തന്നെ പതിനെട്ടാം ഐപിഎല്‍ സീസണില്‍ രാജസ്ഥാന് മുകളിലുള്ള പ്രതീക്ഷകളും കുറവാണ്.
 
 ഇപ്പോഴിതാ ആദ്യ 2 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരാണ് രാജസ്ഥാന്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 8 വിക്കറ്റിനുമാണ് രാജസ്ഥാന്‍ തോറ്റത്. സഞ്ജു സാംസണ്‍ പരിക്ക് മൂലം മുഴുവന്‍ സമയം കളിക്കാത്തതിനാല്‍ റിയാന്‍ പരാഗാണ് ഈ 2 മത്സരങ്ങളിലും ടീമിനെ നയിച്ചത്. റോയല്‍സ് നായകനായതിന് ശേഷമുള്ള 2 മത്സരങ്ങളിലും പരാഗ് തോല്‍വി വഴങ്ങുകയും ചെയ്തു.
 
 രാജസ്ഥാന്റെ മുന്‍ നായകന്മാര്‍ ആരും തന്നെ ആദ്യ 2 മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയിട്ടില്ല. ഷെയ്ന്‍ വോണിന് കീഴില്‍ ആദ്യ 2 മത്സരങ്ങളില്‍ ഓരോ ജയവും തോല്‍വിയുമാണ് റോയല്‍സിനുണ്ടായിരുന്നത്. ദ്രാവിഡിനും സ്റ്റീവ് സ്മിത്തിനും കീഴില്‍ ആദ്യ 2 കളികളിലും വിജയിച്ചു. രഹാനെയ്ക്കും സഞ്ജുവിനും കീഴില്‍ ഓരോ തോല്‍വിയും ജയവുമാണ് രാജസ്ഥാനുണ്ടായിരുന്നത്. എന്നാല്‍ പരാഗിന് കീഴില്‍ 2 മത്സരങ്ങളിലും റോയല്‍സ് പരാജയപ്പെട്ടു.
 
 നിലവില്‍ 3 മത്സരങ്ങളിലാണ് പരാഗിനെ താത്കാലിക നായകനായി റോയല്‍സ് നിയമിച്ചിട്ടുള്ളത്. ചെന്നൈയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ തോല്‍വിയായി പരാഗ് മാറും. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലൂടെയാകും സഞ്ജു സാംസണ്‍ വീണ്ടും റോയല്‍സ് നായകനാവുന്നത്. എന്നാല്‍ എന്‍സിഎ ക്ലിയറന്‍സ് നല്‍കിയാല്‍ മാത്രമെ ഏപ്രില്‍ അഞ്ചിന് സഞ്ജുവിന് നായകസ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍