‘ടീമില്‍ നിന്ന് ഇവരെ പുറത്താക്കിയേ പറ്റൂ’; ധോണിക്ക് പിന്നാലെ ആഞ്ഞടിച്ച് പരിശീലകനും
ചൊവ്വ, 14 മെയ് 2019 (15:16 IST)
ജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന ഓവറില്‍ ഒരു റണ്ണിന്റെ തോല്‍വി വഴങ്ങേണ്ടി വന്നതാണ് ടീമിനെ കൂടുതല്‍ വേദനിപ്പിച്ചത്.
മികച്ച ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും ചെന്നൈ എങ്ങനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കുകള്‍ സഹതാരങ്ങളെയും മാനേജ്‌മെന്റിനെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു.
നായകന്റെ വാക്കുകളെ ശരിവച്ച് പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിംഗും രംഗത്ത് വന്നു. പ്രായക്കൂടുതലുള്ള കളിക്കാരെ വെച്ച് ടീമിന് മുന്നോട്ടുപോകാനാവില്ലെന്നും പുതിയ ടീമിനെ രുപപ്പെടുത്തിയെടുക്കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു.
ബോളര്‍മാരു മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബാറ്റിംഗ് നിര അമ്പേ പരാജയമായി. ഫൈനലിലെ തോല്‍വിക്ക് കാരണം മോശം ബാറ്റിംഗാണെന്നതില്‍ സംശയമില്ല. പല താരങ്ങളും നിരാശാജനകമായ പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.
ഫൈനലില്‍ ജയ പ്രതീക്ഷ വളരെ കൂടുതലായിരുന്നു. ആറോവറില്‍ 53 റണ്‍സ് ചേര്‍ത്തപ്പോള്‍ അവസാന ഓവറിനുമുമ്പ് കളി ജയിക്കുമെന്ന് തോന്നി. ഷെയ്ന്‍ വാട്സണ്‍ 80 റണ്‍സോടെ പൊരുതുകയും ചെയ്‌തു. എന്നാല്‍, മറ്റ് ബാറ്റ്സ്‌മാന്മാര്‍ക്ക് തിളങ്ങാനോ പിന്തുണ നല്‍കാനോ കഴിഞ്ഞില്ലെന്നും ചെന്നൈ പരിശീലകന്‍ വ്യക്തമാക്കി.
ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി എന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ടീമിനെ ഉടച്ചു വാര്‍ക്കേണ്ട സമയം അടുത്തിരിക്കുന്നു. 34 വയസാണ് ചെന്നൈ ടീമിന്റെ ശരാശരി പ്രായം. എങ്കിലും ഈ ടീമിന് കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടാനും ഇത്തവണ ഫൈനലിലെത്താനും കഴിഞ്ഞു. എന്നാല്‍ അടുത്ത സീസണില്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കണമെന്നില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു.