കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ടീമിന് ഒരു ഭാരമാകുമോ എന്ന് ഐ പി എല്ലിന്‍റെ തുടക്കത്തില്‍ ചില വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തുകയാണ് ഇപ്പോള്‍ പൊള്ളാര്‍ഡ്. പഞ്ചാബിനെതിരെ അപ്രാപ്യമെന്നും അസാധ്യമെന്നും തോന്നിയ ലക്‍ഷ്യത്തെ മുംബൈ കൈപ്പിടിയിലൊതുക്കിയത് പൊള്ളാര്‍ഡിന്‍റെ തകര്‍പ്പന്‍ വെടിക്കെട്ടിന്‍റെ പിന്‍ബലത്തിലാണ്.
ക്രിസ് ഗെയിലിന്‍റെയും കെ എല്‍ രാഹുലിന്‍റെയും ഗംഭീര ഇന്നിംഗ്സുകളിലൂടെയാണ് 197 എന്ന കൂറ്റന്‍ സ്കോര്‍ പഞ്ചാബ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ കന്നി ഐപിഎല്‍ സെഞ്ചുറിയായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ക്രിസ് ഗെയില്‍ 36 പന്തുകളില്‍ നിന്ന് 63 റണ്‍സെടുത്തു. എന്നാല്‍ ഗെയിലിനെ കടത്തിവെട്ടിയ പ്രകടനം മുംബൈക്കുവേണ്ടി പൊള്ളാര്‍ഡില്‍ നിന്നുണ്ടായി. 31 പന്തുകളില്‍ നിന്ന് പൊള്ളാര്‍ഡ് നേടിയത് 83 റണ്‍സാണ്.
പൊള്ളാര്‍ഡിന്‍റെ ഇന്നിംഗ്സ് പരിശോധിച്ചാല്‍ അത് ഏറ്റവും അനിവാര്യമായ ഘട്ടത്തില്‍ ഇടിവെട്ടോടെ പെയ്ത മഴ പോലെയാണ്. 198 എന്ന വിജയലക്‍ഷ്യം മുന്നില്‍ക്കണ്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ പത്ത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലായിരുന്നു. വിജയം അസാധ്യം എന്ന് തോന്നിയ ഇടത്തുനിന്നാണ് പൊള്ളാര്‍ഡ് തന്‍റെ കൈക്കരുത്തില്‍ മുംബൈയെ വിജയതീരമടുപ്പിച്ചത്. പൊള്ളാര്‍ഡിന്‍റെ ഇന്നിംഗ്സില്‍ മൂന്ന് ബൌണ്ടറികളും 10 സിക്സറുകളും ഉള്‍പ്പെടുന്നു.
പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് പന്തുകളില്‍ നിന്ന് നാലുറണ്‍സ് ആയിരുന്നു. അത് അവര്‍ അനായാസം നേടുകയും ചെയ്തു. ഈ മത്സരത്തില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ പൊള്ളാര്‍ഡ് തന്നെയായിരുന്നു മുംബൈയുടെ നായകനും. നായകനായി വന്ന് ഉജ്ജ്വല ഇന്നിംഗ്സിലൂടെ മുംബൈയെ വിജയത്തിലെത്തിച്ചതിന്‍റെ സന്തോഷം പൊള്ളാര്‍ഡ് മറച്ചുവയ്ക്കുന്നില്ല.