രോഹിത്തിന് പരുക്ക്; മുംബൈ ഇന്ത്യന്‍‌സും ടീം ഇന്ത്യയും ഞെട്ടലില്‍ - ലോകകപ്പിന് ദിവസങ്ങള്‍ മാത്രം

ബുധന്‍, 10 ഏപ്രില്‍ 2019 (15:41 IST)
മുംബൈ ഇന്ത്യന്‍‌സിനെ ആശങ്കപ്പെടുത്തി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയുടെ പരുക്ക്. വലത് കാലിന്റെ പിന്‍‌തുടയ്‌ക്കേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. പരുക്ക് ഗുരുതര സ്വഭാവമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

ടീം ഫിസിയോയും ഡോക്‍ടര്‍മാരും വിശ്രമം വേണമെന്ന് പറഞ്ഞാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കില്ല.

ചൊവ്വാഴ്ച്ച ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് രോഹിതിന് പരുക്കേറ്റത്. പരുക്ക് അവഗണിച്ച് പരിശീലനം തുടര്‍ന്നെങ്കിലും വേദന ശക്തമായതോടെ രോഹിത് ഗ്രൌണ്ടില്‍ തളര്‍ന്നിരുന്നു. ടീം ഫിസിയോ നിതിന്‍ പട്ടേല്‍ എത്തി പരിശോധന നടത്തുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

പരുക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടും വെയ്ൽസും ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് 50 ദിവസം മാത്രം അവശേഷിക്കുമ്പോള്‍ ആണ് രോഹിത് പരുക്കിന്റെ പിടിയിലായത്. സൂപ്പര്‍ താരത്തിന്റെ പരുക്ക് ആരാധകരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മേയ് 30 മുതൽ ജൂലൈ 14 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍