ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കുന്ന മത്സരങ്ങളില്‍ മാത്രമല്ല, എല്ലാ ഐ പി എല്‍ ടീമുകളുടെയും മത്സരങ്ങള്‍ കൃത്യമായി വീക്ഷിക്കുകയാണ് മഹേന്ദ്രസിംഗ് ധോണി. ഓരോ താരത്തിന്‍റെയും കളി വ്യക്തമായി വിലയിരുത്തുകയാണ് അദ്ദേഹം. ഈ സൂക്ഷ്മ നിരീക്ഷണത്തിന് ഒരു കാരണമുണ്ട് - ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുക!
അതേ, ഒരു സെലക്‍ടറുടെ കണ്ണും കാതും മനസുമായാണ് എം എസ് ധോണി ഇപ്പോള്‍ കളത്തിലിറങ്ങുന്നത്. ഐ പി എല്ലില്‍ ആരൊക്കെയാണ് ഗംഭീര പ്രകടനം നടത്തുക എന്നത് കണ്ടെത്തുകയും അവരുടെ കളി തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്. ഐ പി എല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. അപ്പോള്‍ ധോണിയുടെ വാക്കുകള്‍ക്കായിരിക്കും സെലക്‍ടര്‍മാരും മാനേജുമെന്‍റും കൂടുതല്‍ പ്രാധാന്യം നല്‍കുക.
ഐ പി എല്ലിലെ പ്രകടനം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനുള്ള മാനദണ്ഡമാക്കില്ലെന്ന് വിരാട് കോഹ്‌ലി നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കോഹ്‌ലി പോലും അത് മറന്നുകഴിഞ്ഞു. മികച്ച ടീമിനെയുണ്ടാക്കാന്‍ ഐ പി എല്ലിനെ തന്നെ ആശ്രയിക്കാമെന്നാണ് ധോണിയുടെയും കോഹ്‌ലിയുടെയും തീരുമാനം.
ധോണിയുടെ ശ്രദ്ധയാകര്‍ഷിക്കാനായി താരങ്ങള്‍ അവരുടെ കഴിവിന്‍റെ പരമാവധി ഇപ്പോള്‍ ശ്രമിക്കുകയാണ്. രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, അമ്പാട്ടി റായുഡു, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ, യുസ്‌വേന്ദ്ര ചാഹല്‍, വിജയ് ശങ്കര്‍, സുരേഷ് റെയ്‌ന, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക് തുടങ്ങിയവര്‍ ലോകകപ്പ് ടീമില്‍ എത്തിപ്പെടാനായി ഐ പി എല്ലില്‍ വിയര്‍പ്പൊഴുക്കുന്നു. ഇവരില്‍ ആരൊക്കെ ധോണിയുടെ കണ്ണില്‍ പെടുമെന്നതിലാണ് ലോകകപ്പ് ടീമിന്‍റെ രൂപപ്പെടലിനുള്ള പ്രധാനമന്ത്രം മയങ്ങിക്കിടക്കുന്നത്.
പ്രതീക്ഷിക്കാം, ഐ പി എല്ലില്‍ നിന്ന് ലോകകപ്പ് ഉയര്‍ത്താനുള്ള ഒരു സൂപ്പര്‍ ടീമിനെ ധോണി കണ്ടെത്തുമെന്ന്. വിരമിക്കുന്നതിന് മുമ്പ് ധോണി വീണ്ടും ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന്!