റെയ്നയുടെ സ്ട്രാറ്റജി അപ്പാടെ പിഴച്ചു... ഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് റെക്കോര്‍ഡ് വിജയം

Webdunia
ശനി, 8 ഏപ്രില്‍ 2017 (10:04 IST)
ഐ പി എല്‍ പത്താം സീസണിലെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ ഗുജറാത്ത് ലയൺസിന് ദയനീയ തോൽവി. കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പത്ത് വിക്കറ്റിനണ് ഗുജറാത്തിനെ തോൽപിച്ചത്. സ്കോർ: ഗുജറാത്ത് ലയൺസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 183. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് നഷ്ടം കൂടാതെ 184 റൺസ്.
 
ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിറഞ്ഞ മനസ്സോടെ ക്ഷണം സ്വീകരിച്ച ഗുജറാത്ത് കരുതലോടെയാണ് തുടങ്ങിയത്. നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഇംഗ്ലിഷ് താരം ജേസണ്‍ റോയ് (14) മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ബ്രെണ്ടന്‍ മക്കല്ലവും (35) റെയ്‌നയും (68) ഇന്നിങ്‌സിന് അടിത്തറയിട്ടു. 
 
മക്കല്ലം ആക്രമിച്ചു കളിച്ചപ്പോള്‍ റെയ്‌ന വളരെ ക്ഷമാശീലനായിരുന്നു. 24 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സുമടിച്ച് 35 റണ്‍സുമായി മക്കല്ലം മടങ്ങിയതിനു ശേഷം വന്ന ആരോണ്‍ ഫിഞ്ച് രണ്ടു സിക്‌സടിച്ച് തുടങ്ങിയെങ്കിലും വെറും 15 റണ്‍സ് മാത്രം നേടാനെ ഫിഞ്ചിന് കഴിഞ്ഞുള്ളൂ. അർധസെഞ്ചുറിയോടെ ക്യാപ്റ്റൻ സുരേഷ് റെയ്ന ടോപ് സ്കോററായി. ദിനേശ് കാർത്തിക്ക് 47റണ്‍സെടുത്ത് റെയ്നക്ക് പിന്തുണ നല്‍കി.
 
താരതമ്യേന ഉയർന്ന വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഒരിക്കൽ പോലും സമ്മർദ്ദത്തിൽ പെട്ടില്ല. 184 റൺസ് അടിക്കാൻ വേണ്ടി വെറും 14.5 ഓവർ മാത്രമേ കൊൽക്കത്തയ്ക്ക് വേണ്ടി വന്നൂള്ളൂ. ദുർബലമായ ഗുജറാത്ത് ബൗളിംഗിനെ കൊന്ന് കൊലവിളിച്ചാണ് 41 പന്തിൽ 93 റൺസടിച്ച ക്രിസ് ലിന്നും  48 പന്തിൽ 76 റൺസ് നേടിയ ഗൗതം ഗംഭീറും കൊല്‍ക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചത്.  
Next Article